വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശത്തിൽ രൂക്ഷമായി പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം രംഗത്ത്. വെള്ളാപ്പള്ളി നടേശന് വേണ്ടത് ചികിത്സയാണെന്നും, പറഞ്ഞ കാര്യത്തിന്റെ അടിസ്ഥാനം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രായവും ആരോഗ്യസ്ഥിതിയും പരിശോധിച്ച് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും സലാം പറഞ്ഞു.
അരിഭക്ഷണം കഴിക്കുന്ന ആർക്കും അംഗീകരിക്കാനാവാത്ത പരാമർശമാണ് വെള്ളാപ്പള്ളി നടത്തിയതെന്ന് പി എം എ സലാം കുറ്റപ്പെടുത്തി. മലപ്പുറത്ത് കുറച്ചുദിവസം താമസിച്ച് അനുഭവം പറയാൻ വെള്ളാപ്പള്ളിയെ സലാം വെല്ലുവിളിച്ചു. സമൂഹത്തിൽ വിഭാഗീയതയും വർഗീയതയും വിദ്വേഷവും വളർത്തുന്ന തരത്തിലുള്ള പ്രവർത്തനമാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വിവാദ പ്രസ്താവനകൾ നടത്തുന്നതിൽ വെള്ളാപ്പള്ളിക്ക് പുതുമയില്ലെന്നും പി എം എ സലാം ചൂണ്ടിക്കാട്ടി. രാവിലെ പറയുന്നത് വൈകുന്നേരം മാറ്റിപ്പറയുന്ന ശീലം വെള്ളാപ്പള്ളിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ പോലും പറയാൻ മടിക്കുന്ന വിഷലിപ്തമായ പ്രസ്താവനയാണ് വെള്ളാപ്പള്ളി നടത്തിയതെന്നും സലാം കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ലീഗ് ആലോചിക്കുന്നതായും പി എം എ സലാം വ്യക്തമാക്കി. ജനാധിപത്യ സർക്കാരിന്റെ ബാധ്യതയാണ് നടപടി സ്വീകരിക്കേണ്ടതെങ്കിലും, ഇക്കാര്യത്തിൽ ഇടത് സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
Story Highlights: Muslim League state general secretary PMA Salam has reacted strongly to Vellapally Natesan’s controversial statement.