◾സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഈ തീരുമാനം കേന്ദ്ര സർക്കാരിനെ അറിയിച്ചു. സിപിഐയുടെ എതിർപ്പ് തള്ളിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ സുപ്രധാന തീരുമാനം. പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന 1476 കോടി രൂപയുടെ വിഹിതം സംസ്ഥാനത്തിന് അർഹതപ്പെട്ടതാണെന്നും അത് നഷ്ടപ്പെടുത്തേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ട് കേന്ദ്രം വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുന്നുവെന്നും ആ അപകടത്തിൽ ചെന്ന് ചാടാൻ സംസ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു. മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്ത രണ്ട് അവസരങ്ങളിലും സിപിഐ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതിനാൽ തന്നെ, പിഎം ശ്രീയിൽ ചേരാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല.
എന്നാൽ ഈ എതിർപ്പുകളെ മറികടന്ന് സർക്കാർ ഇപ്പോൾ നിർണായകമായ തീരുമാനമെടുത്തിരിക്കുകയാണ്. കേന്ദ്രസർക്കാരുമായി ബന്ധപ്പെടുന്നതിന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അടുത്തയാഴ്ച കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെയും സഹമന്ത്രിയെയും വി. ശിവൻകുട്ടി സന്ദർശിക്കും.
അതേസമയം, കേരളം ഈ പദ്ധതിയുടെ ഭാഗമാകരുതെന്ന നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് കാര്യപരിപാടി നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് എൻഎപി എന്നും അദ്ദേഹം വിമർശിച്ചു.
ആകെ കരിക്കുലത്തെ ആർഎസ്എസ് കാഴ്ചപ്പാടിലേക്ക് മാറ്റാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഈ നീക്കത്തിലേക്ക് കേരളം കൂടി ചേരരുതെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐയുടെ എതിർപ്പ് നിലനിൽക്കെത്തന്നെ, പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം വിദ്യാഭ്യാസ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴി തെളിയിക്കും. പദ്ധതിയുടെ വിശദാംശങ്ങൾക്കായി വിദ്യാഭ്യാസ വകുപ്പ് കേന്ദ്ര സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Story Highlights: Kerala government decides to implement PM Shri scheme, informs the central government.