ലോക സമ്പത്തിന്റെ പകുതിയും കൈയാളുന്നത് വെറും പത്ത് ശതമാനം വരുന്ന അതിസമ്പന്നരാണ്. ഈ സാഹചര്യത്തിൽ, ജി20 രാജ്യങ്ങൾ ശതകോടീശ്വരന്മാർക്ക് മേൽ ഒരു പുതിയ അതിസമ്പന്ന നികുതി ചുമത്താൻ പദ്ധതിയിടുന്നു. ബ്രസീലിയൻ പ്രസിഡന്റ് ലുല ഡ സിൽവയുടെ ഈ ആശയം പ്രാവർത്തികമായാൽ, വെറും 3,000 ധനികരിൽ നിന്ന് മാത്രം പ്രതിവർഷം 250 ബില്യൺ ഡോളറിന്റെ നികുതി വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ടെസ്ല, സ്പേസ് എക്സ് ഉടമ എലോൺ മസ്ക്, ആമസോണിന്റെ ജെഫ് ബെസോസ് തുടങ്ങി ലോകത്തിലെ അതിസമ്പന്നരെയെല്ലാം പുതിയ നികുതി പരിധിയിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഫോബ്സ് സമ്പന്നപ്പട്ടിക പ്രകാരം മസ്കിന് 235 ബില്യൺ ഡോളറും ബെസോസിന് 200 ബില്യൺ ഡോളറുമാണ് ആസ്തി. ഇന്ത്യയിൽ നിന്ന് മുകേഷ് അംബാനിയും ഈ പട്ടികയിൽ 11-ാം സ്ഥാനത്തുണ്ട്.
ഓക്സ്ഫാമിന്റെ പഠനം പറയുന്നത് അതിസമ്പന്നരിൽ ഒരു ശതമാനം പേർ കഴിഞ്ഞ 10 വർഷം കൊണ്ട് അവരുടെ ആസ്തിയിൽ കൂട്ടിച്ചേർത്തത് 4.2 ട്രില്യൺ ഡോളറാണെന്നാണ്. ഇത് ലോക ജനസംഖ്യയുടെ താഴേക്കിടയിലുള്ള 50 ശതമാനത്തിന്റെ സ്വത്തിനേക്കാൾ 34 മടങ്ങ് കൂടുതലാണ്. ഈ പശ്ചാത്തലത്തിൽ ജി20 രാജ്യങ്ങളുടെ ഈ നീക്കം ആഗോള നികുതി വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.