പി.കെ. ശ്രീമതിയുടെ പ്രവർത്തനമേഖല കേരളമല്ലെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പ്രായപരിധിയിൽ ഇളവ് നൽകി കേന്ദ്ര കമ്മിറ്റിയിൽ ശ്രീമതിയെ ഉൾപ്പെടുത്തിയത് അവിടെ പ്രവർത്തിക്കാനാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. 75 വയസ്സ് പിന്നിട്ട മറ്റു നേതാക്കൾക്കൊപ്പം ശ്രീമതിയെയും കേരളത്തിലെ പാർട്ടി ഘടകങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പിണറായി വിജയൻ ശ്രീമതിയെ വിലക്കിയെന്ന വാർത്തയോട് പ്രതികരിക്കുമ്പോഴാണ് എം.വി. ഗോവിന്ദന്റെ ഈ പരാമർശം. എന്നാൽ, ഈ വിലക്ക് വാർത്ത പി.കെ. ശ്രീമതി നിഷേധിച്ചു. മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷ എന്ന പരിഗണനയിലാണ് മധുര പാർട്ടി കോൺഗ്രസ് അവരെ കേന്ദ്രകമ്മിറ്റിയിൽ നിലനിർത്തിയത്.
ഈ മാസം 19ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ പി.കെ. ശ്രീമതിയെ പിണറായി വിജയൻ വിലക്കിയെന്നാണ് വാർത്ത. സംസ്ഥാനത്ത് പ്രായപരിധിയിൽ ഇളവ് നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. കേന്ദ്ര കമ്മിറ്റിയിൽ തുടരാൻ ലഭിച്ച ഇളവ് അവിടെ പ്രവർത്തിക്കാനാണെന്നായിരുന്നു പിണറായിയുടെ നിലപാട്.
കേരളത്തിലെ പാർട്ടി സംഘടനയിൽ പി.കെ. ശ്രീമതിക്ക് പങ്ക് വഹിക്കാനില്ലെന്ന് സിപിഐഎം വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും താത്പര്യത്തിന് വിരുദ്ധമായ തീരുമാനമായിരുന്നു കേന്ദ്ര കമ്മിറ്റിയിൽ ശ്രീമതിയെ നിലനിർത്തിയത്. ഈ അതൃപ്തിയാണ് വിലക്കിലൂടെ പുറത്തുവന്നതെന്നാണ് സൂചന.
സംസ്ഥാന സെക്രട്ടേറിയേറ്റിൽ പി.കെ. ശ്രീമതിയെ പങ്കെടുപ്പിക്കാതെ മാറ്റിനിർത്തിയതിന്റെ കാരണം എം.വി. ഗോവിന്ദന്റെ പ്രതികരണത്തിലൂടെ വ്യക്തമാണ്. പിണറായി വിജയൻ പറഞ്ഞ അതേ ന്യായം തന്നെയാണ് സെക്രട്ടേറിയേറ്റ് യോഗത്തിൽ ശ്രീമതിയെ വിലക്കാനും കാരണമായത്.
Story Highlights: CPI(M) clarifies P.K. Sreemathy’s role is not in Kerala, says MV Govindan.