പി.കെ. ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം സി.പി.ഐ.എം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ഉയർന്നു. പാർട്ടി നടപടി നേരിട്ട ശശിയെ ചെയർമാൻ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് ശരിയല്ലെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കൊഴിഞ്ഞാമ്പറയിലെ പാർട്ടിക്കുള്ളിലെ വിഭാഗീയതയ്ക്ക് ശശിക്കെതിരെ എടുക്കാതിരുന്ന നടപടിയാണ് കാരണമെന്നും വിമർശനമുയർന്നു.
പാർട്ടി നടപടിയെത്തുടർന്ന് സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് ശശിയെ തരംതാഴ്ത്തിയിരുന്നു. സാമ്പത്തിക ക്രമക്കേട് ആരോപണമുൾപ്പെടെയുള്ള വിഷയങ്ങളിൽ ശശിക്കെതിരെ നേരത്തെ നടപടി എടുക്കേണ്ടതായിരുന്നുവെന്നും ചില പ്രതിനിധികൾ അഭിപ്രായപ്പെട്ടു. കെ.ടി.ഡി.സി, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പദവികളിൽ നിന്നും ശശിയെ നീക്കണമെന്ന ആവശ്യം നേരത്തെ ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്നിരുന്നു.
എന്നാൽ, ഈ വിഷയത്തിൽ ജില്ലാ സെക്രട്ടറി നാളെ മറുപടി നൽകുമെന്ന് സൂചനയുണ്ട്. ജില്ലയിലെ നിലപാട് എടുക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം. പാലക്കാട് ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ സംസ്ഥാന സമിതി യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
ശശിക്കെതിരെയുള്ള വിമർശനത്തിനു പുറമേ, എൻ.എൻ. കൃഷ്ണദാസിനെതിരെയും എ.കെ. ബാലനെതിരെയും ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. മുതിർന്ന നേതാവിന്റെ പക്വത കാണിക്കണമെന്നായിരുന്നു കൃഷ്ണദാസിനെതിരെയുള്ള വിമർശനം. ഇതിനു പിന്നാലെയാണ് പി.കെ. ശശിക്കെതിരെയും വിമർശനം ഉയർന്നത്.
എലപ്പുള്ളിയിലെ ബ്രൂവറി അനുമതിയും സി.പി.ഐ.എം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ചർച്ചയായി. ജനങ്ങളുടെ ആശങ്ക പരിഹരിച്ചു മാത്രം മുന്നോട്ട് പോകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വിഷയം അറിഞ്ഞത് പോലും വിവാദമായ ശേഷമാണെന്നും, ഇപ്പോഴും അവ്യക്തത തുടരുന്നതായും പ്രാദേശിക നേതാക്കൾ ചർച്ചയിൽ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയം വന്നത് ദോഷം ചെയ്യുമെന്നും ചർച്ച ചെയ്ത് ആശങ്കകൾ പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കണമെന്നും മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു.
Story Highlights: CPM Palakkad district conference calls for removal of PK Sasi from KTDC chairmanship.