പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് എത്തുന്നു. രണ്ട് ദിവസം നീളുന്ന പ്രചാരണത്തിൽ ആറ് പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും. പാലക്കാട് നഗരസഭാ പരിധിയിലെ മേൽപ്പറമ്പിലാണ് ആദ്യ പൊതുയോഗം. ഉച്ചയ്ക്കുശേഷം മാത്തൂർ, പിരായിരി പഞ്ചായത്തുകളിലെ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ മണ്ഡലത്തിൽ ആവേശം വിതയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. മുഖ്യമന്ത്രി എത്തുന്നതോടെ പ്രവർത്തകർ ആവേശഭരിതരാകുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു. യുഡിഎഫ്, എൻ.ഡി.എ മുന്നണികൾക്കെതിരായ രാഷ്ട്രീയ ആക്രമണം കടുപ്പിക്കാനും എൽഡിഎഫ് ലക്ഷ്യമിടുന്നുണ്ട്.
അതേസമയം, ഇരട്ട വോട്ട് ആരോപണത്തിൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ബിഎൽഒമാർ ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയാറാക്കി തുടങ്ങി. 2700 വോട്ടുകൾ ഇത്തരത്തിൽ ചേർത്തിട്ടുണ്ടെന്നാണ് ആരോപണം. മണ്ഡലത്തിൽ സ്ഥിരതാമസം ഇല്ലാത്തവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ഇടതു സ്ഥാനാർഥി പിസരിനും ഭാര്യയും വ്യാജരേഖ ചമച്ചാണ് വോട്ട് ചേർത്തതെന്ന ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരുന്നു.
Story Highlights: Chief Minister Pinarayi Vijayan to visit Palakkad for by-election campaign, addressing six public meetings over two days