മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും നാളെ കൂടിക്കാഴ്ച നടത്തും. തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനായി ഇരു നേതാക്കളും കേരളത്തിലെത്തിയിരിക്കുകയാണ്. ഈ സന്ദർഭത്തിൽ മുല്ലപ്പെരിയാർ വിഷയം ഉൾപ്പെടെയുള്ള പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സ്റ്റാലിൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ഉച്ചയോടെ കുമരകത്ത് എത്തിയിരുന്നു.
കുമരകത്തെ സ്വകാര്യ ഹോട്ടലിൽ താമസിക്കുന്ന എംകെ സ്റ്റാലിനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയിരുന്നു. മുല്ലപ്പെരിയാർ സംബന്ധിച്ച് കേരള മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ നേരത്തെ തമിഴ്നാട് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് ചീഫ് സെക്രട്ടറി എൻ.മുരുകാനന്ദം, മന്ത്രിമാരായ ദുരൈമുരുകൻ, എ.വി വേലു, എം.പി.സ്വാമിനാഥൻ എന്നിവരും സ്റ്റാലിന്റെ ഭാര്യ ദുർഗയും സംഘത്തിലുണ്ട്.
നാളെ രാവിലെ 10 മണിക്ക് വൈക്കത്ത് തന്തൈ പെരിയാർ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കും. ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ എം.കെ.സ്റ്റാലിനെ സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കലക്ടർ എൻഎസ്കെ ഉമേഷ് സ്വീകരിച്ചു. നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനത്തോടൊപ്പം തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നാളെ നടക്കും. സ്റ്റാലിൻ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കെ വീരമണി മുഖ്യാതിഥിയായി പങ്കെടുക്കും.
Story Highlights: Kerala CM Pinarayi Vijayan to meet Tamil Nadu CM MK Stalin, likely to discuss Mullaperiyar issue