സിനിമയിലെ ജാതി വിരുദ്ധ പരാമർശങ്ങൾ നീക്കണമെന്ന ആവശ്യമുയർത്തി ബ്രാഹ്മണ സമൂഹം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഫൂലെ എന്ന ചിത്രം വിവാദത്തിലായത്. പത്തൊൻപതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താക്കളായ ജ്യോതിറാവു, സാവിത്രിഭായ് ഫൂലെ എന്നിവരുടെ ജീവിതകഥ പറയുന്ന ചിത്രത്തിന് സിബിഎഫ്സി യു-സർട്ടിഫിക്കറ്റ് നൽകിയിരുന്നു. എന്നാൽ, ചിത്രത്തിലെ ചില ഭാഗങ്ങൾ ബ്രാഹ്മണ സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് അഖില ഭാരതീയ ബ്രാഹ്മണ സമാജ് ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
ചിത്രത്തിനെതിരെ ഉയർന്ന വിവാദങ്ങൾ അനാവശ്യമാണെന്നും ട്രെയിലർ കണ്ട് സിനിമയെ വിലയിരുത്തരുതെന്നും സംവിധായകൻ ആനന്ദ് മഹാദേവൻ പ്രതികരിച്ചു. ഹിന്ദു ജാതിവ്യവസ്ഥയിൽ “തൊട്ടുകൂടാത്തവരായി” കണക്കാക്കപ്പെട്ടിരുന്ന ദളിതരുടെ വിദ്യാഭ്യാസ അവകാശത്തിനും സമത്വത്തിനും വേണ്ടി പോരാടിയ ഫൂലെ ദമ്പതികളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രതീക് ഗാന്ധിയും പത്രലേഖയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് ഇപ്പോൾ അനിശ്ചിതത്വത്തിലാണ്.
ബ്രാഹ്മണരുടെ പ്രതിഷേധത്തെ തുടർന്ന് ചിത്രത്തിലെ ജാതി പരാമർശങ്ങളടങ്ങിയ ഒന്നിലധികം ഭാഗങ്ങൾ വെട്ടിമാറ്റിയതായാണ് റിപ്പോർട്ടുകൾ. എംപുരാൻ സിനിമയ്ക്ക് പിന്നാലെ ബോളിവുഡിൽ നിന്നും ഒരു ജാതി വിരുദ്ധ സിനിമ കൂടി വിവാദത്തിലായത് ഇന്ത്യൻ സിനിമ നേരിടുന്ന നിയന്ത്രണങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഫൂലെ ദമ്പതികളുടെ യാത്ര ചിത്രീകരിക്കുന്ന സിനിമയിലെ ജാതി പരാമർശങ്ങളിലും ചിത്രങ്ങളിലും ഒന്നിലധികം എഡിറ്റുകൾ വേണമെന്നായിരുന്നു ബ്രാഹ്മണ സംഘടനകളുടെ ആവശ്യം.
Story Highlights: The Bollywood movie ‘Phule,’ based on the lives of 19th-century social reformers, faces controversy and protests due to demands for the removal of remarks considered offensive to the Brahmin community.