പത്തനംതിട്ട സിപിഐഎം, ബിജെപിയില് നിന്ന് വിട്ടുവന്ന കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച സംഭവത്തെ ന്യായീകരിച്ചിരിക്കുകയാണ്. ശരണ് ചന്ദ്രന് കാപ്പ നിയമപ്രകാരം താക്കീത് മാത്രമേ നല്കിയിട്ടുള്ളൂവെന്നും, ഇയാളുടെ പേരിലുള്ളത് രാഷ്ട്രീയ കേസുകള് മാത്രമാണെന്നുമാണ് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. ഇന്നലെ പത്തനംതിട്ട കുമ്പഴയില് നടന്ന പരിപാടിയില് ആര്എസ്എസ്, ബിജെപി പ്രവര്ത്തകരായ 60 ഓളം പേരാണ് സിപിഐഎമ്മില് എത്തിയത്.
ഇരുപതോളം ക്രിമിനല് കേസുകളില് ഉള്പ്പെട്ട കാപ്പാ കേസ് പ്രതിയായ ശരണ് ചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവര്ത്തകര് ബിജെപി ബന്ധം ഉപേക്ഷിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ശരണിനെ മാലയിട്ട് പാര്ട്ടിയിലേക്ക് സ്വീകരിച്ചു. മന്ത്രി വീണാ ജോര്ജ് സ്വീകരണ ചടങ്ങില് ഉദ്ഘാടകയായിരുന്നു. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്ന്നവര്, അത് ഉപേക്ഷിച്ചുകൊണ്ടാണ് സിപിഐഎമ്മിന്റെ ചെങ്കൊടി ഏന്താന് തയ്യാറായി വന്നതെന്ന് അവര് വിശദീകരിച്ചു.
എന്നാല്, ശരണിനെ പാര്ട്ടിയിലേക്ക് സ്വീകരിച്ചതില് ഒരു വിഭാഗം നേതാക്കള്ക്ക് കടുത്ത അമര്ഷമാണ് നിലനില്‍ക്കുന്നത്. ക്രിമിനല്‍ ബന്ധമുള്ളവരെ പാര്ട്ടി സംരക്ഷിക്കരുതെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാട് പ്രഖ്യാപനം ദേശാഭിമാനിയില് വന്ന ദിവസം തന്നെയാണ് പത്തനംതിട്ടയിലെ നേതൃത്വം കാപ്പാക്കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചത്. ശരണ് നേരത്തെ സിപിഐഎം പ്രവര്ത്തകരെ ആക്രമിച്ച കേസുകള് ഉള്പ്പെടെ പ്രതിയുമാണ്.