പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയുന്നതോടെ കായിക ലോകത്തിന്റെ കാത്തിരിപ്പിന് അവസാനമാകും. ഇന്ത്യൻ സമയം രാത്രി 11 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങുകളിൽ 206 രാജ്യങ്ങളിൽ നിന്നുള്ള 10,500 കായിക താരങ്ങൾ പങ്കെടുക്കും. പി.വി. സിന്ധുവും ശരത് കമാലും ഇന്ത്യൻ പതാകവാഹകരായി 117 അംഗ സംഘത്തിനൊപ്പമുണ്ടാകും. ഉദ്ഘാടന ചടങ്ങിന്റെ വിശദാംശങ്ങളും ദീപശിഖ തെളിയിക്കുന്നയാളുടെ വിവരവും സംഘാടകർ ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
ഒളിംപിക്സ് ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന് പുറത്താണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. സെൻ നദിയിലൂടെ നൂറോളം ബോട്ടുകളിലായി കായിക താരങ്ങൾ മാർച്ച് പാസ്റ്റ് നടത്തും. 22,000 ക്ഷണിക്കപ്പെട്ട അതിഥികളും 104,000 ടിക്കറ്റെടുത്തെത്തുന്ന കാണികളും നദീതീരത്തെ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കും. സുരക്ഷാ ഭീഷണി നിലനിന്നിട്ടും, പാരീസിന്റെ ഹൃദയമായ സെൻ നദീതീരത്ത് തന്നെ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചു.
കായിക താരങ്ങൾക്ക് പുറമേ 3,000ത്തോളം കലാകാരന്മാരും ഉദ്ഘാടന-സമാപന ചടങ്ങുകളിൽ പങ്കെടുക്കും. ഇന്ത്യയിൽ സ്പോർട്സ് 18 നെറ്റ്വർക്കിലും ജിയോ സിനിമയിലും ഒളിംപിക് ഉദ്ഘാടന ചടങ്ങുകൾ തത്സമയം കാണാനാകും. രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഈ മഹാസംഭവം കായിക ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകും.