സിയാച്ചിനിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങിന്റെ മാതാപിതാക്കൾ, അദ്ദേഹത്തിന്റെ ഭാര്യക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി. മരണാനന്തര ബഹുമതിയായി ലഭിച്ച കീർത്തി ചക്ര പുരസ്കാരം, ഫോട്ടോ ആൽബം, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം അൻഷുമാന്റെ വിധവ സ്മൃതി പഞ്ചാബിലെ ഗുരുദാസ്പൂരിലുള്ള അവരുടെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് പ്രധാന പരാതി.
കഴിഞ്ഞ വർഷം ജൂലൈയിൽ സിയാച്ചിനിലുണ്ടായ വൻ തീപിടിത്തത്തിൽ ആളുകളെ രക്ഷിക്കുന്നതിനിടെയാണ് ആർമി മെഡിക്കൽ കോർപ്സ് അംഗമായിരുന്ന ക്യാപ്റ്റൻ അൻഷുമാൻ കൊല്ലപ്പെട്ടത്. ജൂലൈ അഞ്ചിന് ഡൽഹിയിൽ വച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര പുരസ്കാരം സ്മൃതിയും അൻഷുമാന്റെ അമ്മ മഞ്ജു സിംഗും ചേർന്ന് ഏറ്റുവാങ്ങിയിരുന്നു.
അൻഷുമാന്റെ പിതാവ് രവി പ്രതാപ് സിങ് ആരോപിച്ചത്, മകന്റെ പേരിലുള്ള ഔദ്യോഗിക വിലാസം ലഖ്നൗവിൽ നിന്ന് ഗുരുദാസ്പൂരിലേക്ക് സ്മൃതി മാറ്റിയെന്നും, പുരസ്കാരങ്ങളും ഫോട്ടോകളും മകന്റെ യൂനിഫോം അടക്കമുള്ള വസ്തുക്കളും സ്മൃതി കൊണ്ടുപോയെന്നുമാണ്. വിൽപ്പത്രം എഴുതാതെ മരിക്കുന്നയാളുടെ സ്വത്തുക്കളുടെയും ആനുകൂല്യങ്ങളുടെയും അവകാശം സംബന്ധിച്ച് നിയമത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കീർത്തി ചക്ര പോലുള്ള അംഗീകാരങ്ങളുടെ പകർപ്പ് ഭാര്യക്കൊപ്പം മാതാപിതാക്കൾക്കും നൽകണമെന്ന് അദ്ദേഹം പറഞ്ഞു.