തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ പൊലീസ് കേസെടുത്തതിനെതിരെ പാറമേക്കാവ് ദേവസ്വം രംഗത്തെത്തി. പൂരം നടത്തിയതിന് എഫ്ഐആർ ഇട്ട് ഉപദ്രവിക്കാനാണെങ്കിൽ അംഗീകരിക്കില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി തന്നെ ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടും എന്തിനാണ് എഫ്ഐആറിട്ട് അന്വേഷിച്ച് ദേവസ്വങ്ങളെയും സംഘാടകരെയും ബുദ്ധിമുട്ടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഉത്സവങ്ങളും ആഘോഷങ്ങളും പെരുന്നാളുകളും നടത്തരുത് എന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നതെന്നും അതിന്റെ അവസാന ആണിയായാണ് എഫ്ഐആർ ഇട്ടതെന്നും രാജേഷ് അഭിപ്രായപ്പെട്ടു. അന്വേഷണവുമായി സഹകരിക്കുമെന്നും ദേവസ്വങ്ങൾ ആരും ഗൂഢാലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ബുദ്ധിമുട്ട് ഉണ്ടാക്കിയത് ഭരണകൂടമാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി കൂട്ടിച്ചേർത്തു.
തൃശൂർ പൂരം കലക്കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിലനിൽക്കെയാണ് പൂരം കലക്കലിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞന്റെ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. അന്വേഷണം വഴിമുട്ടിയെന്ന വിമർശനങ്ങൾക്കിടെയാണ് പൊലീസിന്റെ തിരക്കിട്ട നീക്കം. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Story Highlights: Paramekkavu Devaswom reacts to police case on Thrissur Pooram disruption