പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും ടോൾ പിരിവ് ആരംഭിക്കാൻ നീക്കം. ജനുവരി 6 മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സർവ്വകക്ഷിയോഗം വിളിക്കുന്നില്ലെന്ന് ടോൾ കമ്പനി അധികൃതർ വ്യക്തമാക്കി. നേരത്തെ വാഹനത്തിന്റെ ആർസി ബുക്ക് കാണിച്ചാൽ പ്രദേശത്തെ ആറു പഞ്ചായത്തുകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു.
എന്നാൽ ഇനി സൗജന്യം തുടരാൻ കഴിയില്ലെന്ന് ടോൾ കമ്പനി അറിയിച്ചു. ജനുവരി 6 മുതൽ കർശനമായി പിരിവ് ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി. നേരത്തെ പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപമുള്ള പ്രദേശവാസികളിൽ നിന്നും തൽക്കാലത്തേക്ക് ടോൾ പിരിക്കില്ലെന്ന് കരാർ കമ്പനി അറിയിച്ചിരുന്നു.
നിലവിൽ പന്നിയങ്കര ടോളിനു സമീപമുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലുള്ളവർക്കാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. എന്നാൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിവ് ആരംഭിച്ചാൽ ടോൾ പ്ലാസ ഉപരോധിക്കുമെന്നും വാഹനങ്ങൾ തടയുമെന്നും വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്.
Story Highlights: Panniyankara toll plaza to resume toll collection from local residents from January 6