രാമേശ്വരം: പാമ്പൻ റെയിൽ പാലത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 6ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. രാമനവമി ദിനത്തിലാണ് ഉദ്ഘാടനം നടക്കുക. 535 കോടി രൂപ ചെലവിൽ റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ) ആണ് പാലം നിർമ്മിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഏപ്രിൽ നാല്, അഞ്ച് തീയതികളിൽ ശ്രീലങ്ക സന്ദർശനം നടത്തിയ ശേഷം മടങ്ങിയെത്തുന്ന പ്രധാനമന്ത്രിയാണ് ഉദ്ഘാടനം നിർവഹിക്കുക. രാമേശ്വരത്ത് നിന്ന് താമ്പരത്തേക്കുള്ള പ്രത്യേക ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും.
പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാമേശ്വരത്തെത്തുന്ന പ്രധാനമന്ത്രി രാമസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും പ്രത്യേക പൂജകളിൽ പങ്കെടുക്കുകയും ചെയ്യും. രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ റെയിൽ പാലം.
പഴയ റെയിൽവേ പാലത്തെ നിലനിർത്തിക്കൊണ്ട് സമാന്തരമായാണ് പുതിയ പാലത്തിന്റെ നിർമ്മാണം. 2019-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പാലത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പാമ്പൻ കടലിനു മുകളിലൂടെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
ഒക്ടോബറോടെ പാലത്തിന്റെ നിർമ്മാണം പൂർത്തിയായിരുന്നു. പുതിയ പാലത്തിന്റെ നിർമ്മാണത്തോടെ ഈ മേഖലയിലെ ഗതാഗത സൗകര്യങ്ങൾ വർധിക്കും.
Story Highlights: Prime Minister Narendra Modi will inaugurate the new Pamban rail bridge on April 6.