പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ കഴിഞ്ഞ രാത്രി നടന്ന സംഭവങ്ങൾ വലിയ രാഷ്ട്രീയ ചലനത്തിന് വഴിതെളിച്ചിരിക്കുകയാണ്. രാത്രി 12 മണിയോടെയാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ആദ്യം വനിതാ പൊലീസ് ഓഫീസർ ഉണ്ടായിരുന്നില്ല. നേതാക്കളുടെ മുറികൾ പരിശോധിക്കാൻ ആരംഭിച്ച സംഘം, ഷാനിമോൾ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടേയുടെയും മുറികളിൽ എത്തി. ഇതോടെ രണ്ട് മുറികളും പൂട്ടിയ വനിതാ നേതാക്കൾ പുറത്തിറങ്ങിനിന്നു. പിന്നാലെ വനിതാ ഉദ്യോഗസ്ഥരെത്തി രണ്ടു മുറികളും അരിച്ചുപെറുക്കി പരിശോധന നടത്തി.
ഹോട്ടലിന് പുറത്ത് സിപിഐഎം-ബിജെപി-കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. കൂടുതൽ കോൺഗ്രസ് നേതാക്കൾ ഹോട്ടലിന് അകത്തേക്ക് എത്തിയെങ്കിലും എംപിമാരായ വികെ ശ്രീകണ്ഠനെയും ഷാഫി പറമ്പിലിനെയും അകത്തേക്കു കയറ്റി വിട്ടില്ല. മറ്റുമുറികളിലും പരിശോധന നടത്തണമെന്ന് എൽഡിഎഫിലെ എഎ റഹീം എംപി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ വി വി രാജേഷ്, സി ആർ പ്രഫുൽ കൃഷ്ണ, പ്രശാന്ത് ശിവൻ, സ്ഥാനാർഥി സി കൃഷ്ണകുമാർ തുടങ്ങിയവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു ബഹളംവച്ചു.
നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്നും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എസിപി അശ്വതി ജിജി വ്യക്തമാക്കി. മൂന്ന് മണിയോടെ പരിശോധന അവസാനിപിച്ചു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി ഹോട്ടൽ മുറിയിൽ ഉണ്ടെന്ന ആരോപണങ്ങൾക്കിടെ താൻ കോഴിക്കോട് ആണ് ഉള്ളതെന്ന് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ എഫ്ബി ലൈവിൽ എത്തുകയും ചെയ്തു. റെയ്ഡിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് കോൺഗ്രസ് നീക്കം.
Story Highlights: Midnight raid at Palakkad hotel sparks political tension and protests