പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായി സ്റ്റെതസ്കോപ്പ് നിശ്ചയിച്ചു. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞതിനു ശേഷം നറുക്കിട്ടാണ് ചിഹ്നം തീരുമാനിച്ചത്. ആദ്യം പരിഗണിച്ചിരുന്നത് ഓട്ടോറിക്ഷയായിരുന്നുവെന്നും രണ്ടാമത്തേതായിരുന്നു സ്റ്റെതസ്കോപ്പെന്നും സരിൻ വ്യക്തമാക്കി.
ചിഹ്നം സന്തോഷത്തോടെ സ്വീകരിക്കുന്നതായി സരിൻ പറഞ്ഞു. പഠിച്ച വിഷയത്തിൽ തന്നെ വോട്ടഭ്യർത്ഥിക്കാമെന്നും പാലക്കാടിന്റെ ഹൃദയമിടിപ്പറിയാൻ സ്റ്റെതസ്കോപ്പ് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ചിലരുടെയെങ്കിലും ഹൃദയമിടിപ്പ് അത് കൂട്ടുമോ എന്ന് അറിയില്ലെന്നും സരിൻ തമാശരൂപേണ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ 10 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. അതിൽ നിന്ന് രമേശ് കുമാർ എന്ന സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു.
ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന പാലക്കാട് വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടയിലും പരമാവധി വോട്ടർമാരെ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പി സരിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് പ്രതീക്ഷ പ്രകടിപ്പിച്ചു. സരിൻ ജയിച്ചാലും തോറ്റാലും സിപിഎമ്മിൽ മികച്ച ഭാവിയുണ്ടാകുമെന്നും അദ്ദേഹത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. സരിൻ ഒരിക്കലും പിവി അൻവറിനെപ്പോലെ ആകില്ലെന്നും കമ്യൂണിസ്റ്റാകാൻ ശ്രമിക്കുന്ന സരിന് മികച്ച രാഷ്ട്രീയ ഭാവിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: LDF candidate Dr. P Sarin’s election symbol in Palakkad by-election is stethoscope