പാകിസ്ഥാനിലെ അറ്റോക്ക് ജില്ലയിൽ 80,000 കോടി രൂപ വിലമതിക്കുന്ന വൻ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പഞ്ചാബ് പ്രവിശ്യയിലെ സിന്ധു നദീതടത്തിലാണ് ഈ വിലപ്പെട്ട നിക്ഷേപം കണ്ടെത്തിയത്. ഈ കണ്ടെത്തൽ പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാകിസ്ഥാൻ സർക്കാർ നിയോഗിച്ച സർവേയിലാണ് സ്വർണ്ണ ശേഖരം കണ്ടെത്തിയത്. നാഷണൽ എഞ്ചിനീയറിംഗ് സർവീസസ് പാകിസ്ഥാൻ (NESPAK), പഞ്ചാബ് മൈൻസ് ആൻഡ് മിനറൽസ് വകുപ്പ് എന്നിവർ ചേർന്നാണ് ഖനന പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്. ഹിമാലയത്തിൽ നിന്നുള്ള സ്വർണ നിക്ഷേപം നദിയിലൂടെ ഒഴുകിയെത്തിയതാകാമെന്നാണ് ജിയോളജിസ്റ്റുകളുടെ നിഗമനം.
സിന്ധു നദിയുടെ അടിത്തട്ടിലെ ശക്തമായ ഒഴുക്ക് കാരണം സ്വർണം പരന്നതോ വൃത്താകൃതിയിലോ ആയിരിക്കാമെന്ന് കരുതപ്പെടുന്നു. 2024 ഡിസംബറിലെ കണക്കനുസരിച്ച് പാകിസ്ഥാനിലെ സ്വർണ ശേഖരം 5.43 ബില്യൺ ഡോളറാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ്റെ കണക്കുകളാണിത്.
വിദേശനാണ്യ ശേഖരം കുറയുന്നതും കറൻസി ദുർബലമാകുന്നതും പാകിസ്ഥാനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ ഖനനം വിജയിച്ചാൽ പാകിസ്ഥാന്റെ സ്വർണ്ണ ഉൽപാദനവും അന്താരാഷ്ട്ര തലത്തിലുള്ള സ്ഥാനവും മാറും. സ്വർണം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിൻ്റെ ഭാവി.
ഖനനം ചെയ്യാനുള്ള പദ്ധതികൾക്ക് പാക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. ഈ വൻ സ്വർണ്ണ നിക്ഷേപം പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധിക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
Story Highlights: A massive gold reserve worth Rs. 80,000 crore has been discovered in Pakistan’s Attock district.