പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, സിന്ധു നദീജല ഉടമ്പടി ഉയർത്തിക്കാട്ടി പാകിസ്ഥാൻ ഇന്ത്യയ്ക്ക് ഭീഷണി മുഴക്കി. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോയാണ് ഭീഷണി മുഴക്കിയത്. സിന്ധു നദി പാകിസ്ഥാന്റേതാണെന്നും വെള്ളം നൽകിയില്ലെങ്കിൽ ഇന്ത്യയുടെ രക്തം ചിന്തിക്കുമെന്നുമാണ് ബിലാവൽ ഭൂട്ടോയുടെ ഭീഷണി.
ആഭ്യന്തര സുരക്ഷാ വീഴ്ച മറയ്ക്കാനാണ് ഇന്ത്യ പാകിസ്ഥാനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ബിലാവൽ കുറ്റപ്പെടുത്തി. ഭീകരർ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതാണെന്നും ദൃക്സാക്ഷികളുടെ മൊഴികൾ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ടെന്നും ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരരുടെയും ദി റെസിസ്റ്റൻസ് ഫ്രണ്ട് സംഘടനയുടെയും ഇലക്ട്രോണിക് സിഗ്നേച്ചർ പാകിസ്ഥാനിലെ രണ്ട് സ്ഥലങ്ങളിൽ കണ്ടെത്തിയതായും ഇന്ത്യ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി 13 ലോകനേതാക്കളുമായും 30 അംബാസഡർമാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.
ദൃക്സാക്ഷികളുടെ മൊഴികളും സാങ്കേതിക തെളിവുകളും ഇന്ത്യയുടെ കൈവശമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ ഈ വാദങ്ങളെ ബിലാവൽ ഭൂട്ടോ തള്ളിക്കളഞ്ഞു. ഇന്ത്യയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ആവർത്തിച്ചു.
Story Highlights: Pakistan’s Bilawal Bhutto threatens India over the Indus Water Treaty following the Pahalgam terror attack.