മഹാരാഷ്ട്രയിൽ ഹ്രസ്വകാല വീസയിൽ കഴിയുന്ന പാകിസ്ഥാൻ പൗരന്മാരോട് തിരികെ മടങ്ങാൻ നിർദേശം നൽകിയിരിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. സംസ്ഥാനത്ത് നിലവിൽ 5000 പാകിസ്ഥാൻ പൗരന്മാരാണ് ഉള്ളത്. ഇതിൽ ആയിരത്തോളം പേർക്കാണ് മടങ്ങാനുള്ള നിർദേശം ലഭിച്ചിരിക്കുന്നത്.
പാകിസ്ഥാനിൽ നിന്നാണ് പഹൽഗാം ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഇന്ത്യൻ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹ്രസ്വകാല വീസയിൽ ഇന്ത്യയിലെത്തിയവരോട് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സന്ദർശക വീസ, മെഡിക്കൽ വീസ എന്നിവയിലെത്തിയവരാണ് ഇക്കൂട്ടരിൽ ഭൂരിഭാഗവും. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർക്ക് ജീവൻ നഷ്ടമായിരുന്നു.
മഹാരാഷ്ട്രയിൽ കഴിയുന്ന 5000 പാകിസ്ഥാൻ പൗരന്മാരിൽ 4000 പേർക്ക് എട്ട് മുതൽ പത്ത് വർഷം വരെയായി ഇന്ത്യയിൽ താമസിക്കുന്നവരാണ്. ഇന്ത്യാക്കാരായ ജീവിത പങ്കാളികളുള്ള ഇവരുടെ പാസ്പോർട്ട് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇന്ത്യൻ പൗരത്വത്തിനായി ഇവർ അപേക്ഷ നൽകിയിട്ടുമുണ്ട്. ഈ വിഭാഗത്തിൽപ്പെട്ടവരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടിട്ടില്ല.
ഹ്രസ്വകാല വീസയിൽ മുംബൈയിലെത്തിയവരിൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരും ഉൾപ്പെടുന്നു. ജോലി ആവശ്യങ്ങൾക്കായാണ് ഇവർ മഹാരാഷ്ട്രയിലെത്തിയത്. നാളെയ്ക്ക് മുൻപ് ഇവർ മടങ്ങണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. ലോകരാഷ്ട്രങ്ങളെ പഹൽഗാം ആക്രമണത്തിലെ പാകിസ്താന്റെ പങ്ക് ഇന്ത്യ ധരിപ്പിച്ചിട്ടുണ്ട്.
Story Highlights: 1,000 Pakistan nationals in Maharashtra with short-term visas have been ordered to leave following the Pahalgam attack.