കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനത്തിരുന്ന പി സരിൻ പാർട്ടി വിട്ടതോടെ സാമൂഹ്യ മാധ്യമങ്ങളിൽ പരിഹാസം ഉയരുകയാണ്. അനിൽ ആന്റണിക്ക് പിന്നാലെ സരിനും പാർട്ടി വിട്ടതോടെ ‘കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ കൺവീനറാണോ, എന്നാൽ മറുകണ്ടം ചാടിയിരിക്കും’ എന്ന പരിഹാസമാണ് ഉയരുന്നത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, അന്നത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് അനിൽ ആന്റണിയെ പാർട്ടിയുടെ ഡിജിറ്റൽ കമ്യൂണിക്കേഷൻ സെല്ലിന്റെ തലപ്പത്തേക്ക് നിയമിച്ചത്. എന്നാൽ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിനെ എതിർത്ത് അനിൽ ആന്റണി പുറത്ത് പോയതിന് പിന്നാലെയാണ് പി സരിൻ ഈ സ്ഥാനത്തേക്കെത്തുന്നത്.
അനിൽ ആന്റണിക്ക് പകരക്കാരനായി എത്തിയ സരിൻ ഇപ്പോൾ വിവാദങ്ങൾക്ക് പിന്നാലെ ‘കൈ’ വിട്ടിരിക്കുകയാണ്. അനിൽ ആന്റണി ബിജെപിയിലേക്ക് പോയപ്പോൾ പി സരിൻ നീങ്ങിയത് ചെങ്കൊടിത്തണലിലേക്കാണ്. സരിനിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വീണാ നായരുടെ നേതൃത്വത്തിൽ ജനുവരിയിൽ ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു. ഡിജിറ്റൽ മീഡിയ വിഭാഗം നൽകിയ ഉപകരാറിലെ ക്രമക്കേട് മുതൽ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
Story Highlights: P Sarin resigns as KPCC digital media convenor, following Anil Antony’s departure