അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കി ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം

Anjana

പാലക്കാട് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ അതിഥി തൊഴിലാളിയായ ഒരു അമ്മയ്ക്കും കുഞ്ഞിനും അത്യാവശ്യ സഹായം നൽകി. പ്രസവത്തിന് 20 ദിവസം ബാക്കിയുള്ളപ്പോൾ തൊഴിലിടത്തിൽ വച്ച് പ്രസവിച്ച കർണാടക സ്വദേശിയായ 26 വയസ്സുകാരിക്കാണ് ആരോഗ്യ പ്രവർത്തകർ സഹായമൊരുക്കിയത്. ഈ മാതൃകാപരമായ പ്രവർത്തനത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദനം അറിയിച്ചു.

തോട്ടം ജോലിക്കായി പാലക്കാട് അനുപ്പൂരിലെത്തിയ യുവതി തൊഴിലിടത്തിൽ വച്ച് പെട്ടെന്ന് പ്രസവിച്ചു. സൂപ്പർവൈസർ വിവരമറിയിച്ചതിനെ തുടർന്ന് ആശാ പ്രവർത്തക സ്ഥലത്തെത്തി. തുടർന്ന് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകി. മെഡിക്കൽ ഓഫീസറും പബ്ലിക് ഹെൽത്ത് നഴ്സും എത്തി പൊക്കിൾക്കൊടി വേർപെടുത്തി അമ്മയേയും കുഞ്ഞിനേയും ആംബുലൻസിൽ ചിറ്റൂർ താലൂക്കാശുപത്രിയിലെത്തിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം നേരത്തെയും രാജ്യശ്രദ്ധ നേടിയിരുന്നു. രാജ്യത്തെ ആദ്യ രണ്ട് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളിലൊന്നാണിത്. 2022ൽ കയകൽപ്പ് അവാർഡ്, കാഷ് അക്രഡിറ്റേഷൻ, എൻക്യുഎഎസ്, ഐഎസ്ഒ സർട്ടിഫിക്കേഷൻ തുടങ്ങിയ അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഡോ. കിരൺ രാജീവ്, ഹാജിറ, ലാവണ്യ, അനിഷ, സ്റ്റാൻലി, സൗമ്യ, ജ്യോതിപ്രിയ, സുശീല തുടങ്ങിയവരാണ് ഈ ദൗത്യത്തിൽ പങ്കാളികളായത്.