ദുബായിൽ നടന്ന ഓർമ സാഹിത്യോത്സവം 2025, സാഹിത്യ-സാംസ്കാരിക മേഖലകളിലെ വൈവിധ്യമാർന്ന ചർച്ചകൾക്ക് വേദിയായി. കഥ, കവിത, നോവൽ, ലോകസാഹിത്യം, സംസ്കാരം, ശാസ്ത്രം, ലിംഗ സമത്വം, സ്ത്രീ, സംരംഭകത്വം, നാടകം, ചലച്ചിത്രം, ഫോട്ടോഗ്രഫി, മുഖ്യധാരാ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ തുടങ്ങി 20 ലേറെ വിഷയങ്ങൾ മൂന്ന് വ്യത്യസ്ത വേദികളിലായി ചർച്ച ചെയ്യപ്പെട്ടു.
യുഎഇയിലെ വിവിധ സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള 90 ഓളം പ്രതിനിധികളും 1000 ത്തോളം സദസ്യരും പങ്കെടുത്തു. സുനിൽ പി ഇളയിടം, ബെന്യാമിൻ, എം വി നികേഷ് കുമാർ, ജിൻഷ ഗംഗ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. കുട്ടികൾക്കായി പ്രത്യേകം സംഘടിപ്പിച്ച വേദിയിൽ കവിതാലാപനം, ചിത്രരചന തുടങ്ങിയ പരിപാടികളിൽ 200 ഓളം കുട്ടികൾ പങ്കെടുത്തു.
ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ‘ഓർമ- ദുബായ്’ യുടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതിഫലനമാണ് OLF ന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരങ്ങൾ ജേതാക്കൾക്ക് പ്രേംകുമാർ സമ്മാനിച്ചു.
പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ്, നോർക്ക ഡയറക്ടർ ഓ വി മുസ്തഫ എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി ജിജിത അനിൽകുമാർ സ്വാഗതവും, വൈസ് പ്രസിഡണ്ട് നൗഫൽ പട്ടാമ്പി അധ്യക്ഷതയും വഹിച്ചു. ജോയിന്റ് ട്രഷറർ ധനേഷ് നന്ദി പറഞ്ഞു.
കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ പ്രവേശനം സൗജന്യമായിരുന്നു. രജിസ്റ്റർ ചെയ്ത് പങ്കെടുത്തവർക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റ് നൽകി. ദുബായ് ഫോക്ലോർ അക്കാദമി ഹാളിലാണ് പരിപാടി നടന്നത്.
Story Highlights: Orma Literary Festival 2025 concluded in Dubai, featuring discussions on various literary and cultural topics.