തൃശൂർ◾ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അനുമതിയില്ലാതെ അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉൾപ്പെടുത്തിയതിന് ‘ഒപ്പം’ സിനിമയുടെ അണിയറ പ്രവർത്തകർ നഷ്ട പരിഹാരം നൽകാൻ കോടതി വിധി. ചാലക്കുടി മുൻസിഫ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിർമാതാവ് ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ളർക്കെതിരെയാണ് കോടതി വിധി. ;കാടുകുറ്റി വട്ടോളി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളജ് അധ്യാപികയുമായ പ്രിൻസി ഫ്രാൻസിസിനാണ് നഷ്ട പരിഹാരവും കോടതി ചെലവും അടക്കം 1.68 ലക്ഷം രൂപ നൽകേണ്ടത്.
ആന്റണി പെരുമ്പാവൂർ നിർമിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഒപ്പം’. ഈ സിനിമയിലാണ് പ്രിൻസി ഫ്രാൻസിസിന്റെ ഫോട്ടോ അനുമതിയില്ലാതെ ഉൾപ്പെടുത്തിയത്. സിനിമയുടെ 29ാം മിനിറ്റിൽ പൊലീസ് ക്രൈം ഫയൽ മറിക്കുമ്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിൻസി ഫ്രാൻസിസിന്റെ ഫോട്ടോ ഉപയോഗിച്ചത്. ബ്ലോഗിൽനിന്ന് ഡൗൺലോഡ് ചെയ്ത് അനുമതിയില്ലാതെ ഉപയോഗിച്ചത് മാനസിക വിഷമത്തിന് കാരണമായെന്ന് കാണിച്ച് കൊരട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തിരുന്നില്ല. 2017ൽ ചാലക്കുടി കോടതിയിൽ പരാതി നൽകിയതിനെ തുടർന്നു കേസെടുത്തു.
ആന്റണി പെരുമ്പാവൂർ, പ്രിയദർശൻ എന്നിവർക്ക് പുറമേ അസിസ്റ്റന്റ് ഡയറക്ടർ മോഹൻ ദാസിനെയും കേസിൽ ഉൾപ്പെടുത്തിയിരുന്നു. ഫോട്ടോ അധ്യാപികയുടേത് അല്ലെന്നാണ് എതിർ കക്ഷികൾ വാദിച്ചത്. സിനിമയിൽ നിന്ന് ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമാ പ്രവർത്തകർ നിഷേധിച്ചു. ഇപ്പോഴും സിനിമയിൽ നിന്ന് ഈ ഫോട്ടോ ഒഴിവാക്കിയിട്ടില്ല. എട്ട് വർഷമായി നിയമ പോരാട്ടം നടത്തിയാണ് നീതി ലഭിച്ചതെന്നും സാധാരണക്കാരായ സ്ത്രീകൾക്കായാണ് നിയമ നടപടിക്ക് മുന്നിട്ടിറങ്ങിയതെന്നും പ്രിൻസി ഫ്രാൻസിസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സജി ജോസഫും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Story Highlights: A court in Thrissur has ordered the makers of the Malayalam film ‘Oppam’ to pay compensation to a teacher whose photo was used in the film without permission.