കർണാടക ഷിരൂർ മണ്ണിടിച്ചിൽ: ഗംഗാവാലി പുഴയിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Anjana

കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽ ഗംഗാവാലി പുഴയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ജില്ലാ കളക്ടർ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ വിവരം മാധ്യമങ്ങളെ അറിയിച്ചത് ലോറി ഉടമ മനാഫ് ആണ്. അപകടത്തിൽ അർജുൻ ഉൾപ്പെടെ നാലു പേരെയാണ് കാണാതായത്. കാണാതായവരുടെ പട്ടികയിൽ സന്നി ഗൗഡ എന്ന സ്ത്രീയുടെ പേരുണ്ടെങ്കിലും കണ്ടെത്തിയ മൃതദേഹം ഇവരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കരയിൽ സിഗ്നൽ ലഭിച്ചയിടങ്ങളിൽ ലോറി കണ്ടെത്താൻ ആകാത്തതിനാൽ ഇന്നത്തെ തിരച്ചിൽ ഗംഗാവലി പുഴയിലായിരിക്കും. ഇന്നലെ നടത്തിയ തിരച്ചിലിൽ പുഴയിൽ 40 മീറ്റർ മാറി സിഗ്നൽ കണ്ടെത്തിയിരുന്നു. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം. നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാവികസേനയ്ക്കും എൻഡിആർഎഫിനും ഒപ്പം കരസേനയും പുഴയിലെ പരിശോധനയിൽ ചേരും. ഡ്രഡ്ജർ ഉൾപ്പെടെയുള്ള കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയാകും രക്ഷാപ്രവർത്തനം. നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്ദരും ദൗത്യത്തിൽ പങ്കാളിയാകും. അതേസമയം സമാന്തരമായി പുഴയോരത്ത് മണ്ണ് നീക്കം ചെയ്തും പരിശോധന തുടരും. നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്താണ് ഇപ്പോൾ സംഘം പരിശോധന നടത്തുന്നത്.