പുതിയതായി ഇന്ത്യയില് നിര്മിച്ച ലിഥിയം അയേണ് ബാറ്ററികള് തങ്ങളുടെ പുതിയ ഇലക്ട്രിക് സ്കൂട്ടറുകളില് ഉടന് തന്നെ ഘടിപ്പിച്ചു തുടങ്ങുമെന്ന് ഒല സിഇഒ ഭവിഷ് അഗര്വാള് അറിയിച്ചു. ഈ നീക്കം വിപണിയില് ഒലയ്ക്ക് വലിയ നേട്ടമുണ്ടാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പുതിയ ബാറ്ററി അവതരിപ്പിക്കുന്നതിലൂടെ തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകളുടെ പെര്ഫോമന്സ് അഞ്ചിരട്ടിയായി വര്ദ്ധിപ്പിക്കാന് കഴിയുമെന്നും ഒല അവകാശപ്പെടുന്നു. 15 മിനിറ്റിനുള്ളില് 80 ശതമാനം വരെ ചാര്ജ് ചെയ്യാന് സാധിക്കുമെന്നതാണ് ഈ ബാറ്ററിയുടെ പ്രധാന പ്രത്യേകത.
ഒലയുടെ റിസേര്ച്ച് ആന്ഡ് ഡെവലവ്മെന്റ് വിഭാഗം തലവന് രാജേഷ് മേക്കാട്ട് പറയുന്നതനുസരിച്ച്, വിപണിയിലുള്ള മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളുടെ ബാറ്ററികള് 50 ശതമാനം ചാര്ജ് ചെയ്യാന് തന്നെ അരമണിക്കൂറെങ്കിലും എടുക്കും. എന്നാല്, ഒലയുടെ പുതിയ ബാറ്ററി 15 മിനിറ്റിനുള്ളില് 80 ശതമാനം ചാര്ജ് നേടുമെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഒലയുടെ കൃഷ്ണഗിരി ഫാക്ടറിയിലാണ് 4680 ഭാരത് സെല് നിര്മിക്കുന്നത്.
ഈ ബാറ്ററിക്ക് ഏകദേശം 15 വര്ഷത്തെ ലൈഫ് ഉണ്ടാകുമെന്നാണ് ഒലയുടെ കണക്കുകൂട്ടല്. കൂടാതെ, ഒല പുറത്തിറക്കുന്ന എല്ലാ ഇലക്ട്രിക് സ്കൂട്ടറുകളിലും ഈ ബാറ്ററി ഘടിപ്പിക്കാനാണ് കമ്പനിയുടെ നിലവിലെ പദ്ധതി.
ജനുവരി 2026 മുതല് ഒല ഇലക്ട്രിക് സ്കൂട്ടറുകളില് എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന MoveOS6 സോഫ്റ്റ്വെയര് ലഭ്യമാക്കുമെന്നും ഭവിഷ് അഗര്വാള് അറിയിച്ചു. ഇതിലൂടെ കൂടുതല് നൂതന സാങ്കേതിക വിദ്യകള് ഉള്പ്പെടുത്തി അടിമുടി മാറ്റങ്ങള് വരുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പുതിയ ബാറ്ററി അവതരിപ്പിക്കുന്നതോടെ വിപണിയില് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന് കഴിയുമെന്നാണ് ഒലയുടെ പ്രതീക്ഷ. അതിവേഗത്തില് ചാര്ജ് ചെയ്യാന് സാധിക്കുന്ന ഈ ബാറ്ററി ഉപഭോക്താക്കള്ക്ക് കൂടുതല് സൗകര്യപ്രദമായിരിക്കുമെന്നും കമ്പനി കരുതുന്നു.
ഇലക്ട്രിക് വാഹന വിപണിയില് തങ്ങളുടേതായ ഒരു സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഒല. പുതിയ ലിഥിയം അയേണ് ബാറ്ററി ഈ ലക്ഷ്യം കൂടുതല് എളുപ്പമാക്കുമെന്നാണ് വിലയിരുത്തല്.
Story Highlights : Ola’s Indigenous Lithium-Ion Battery Ready says ceo Bhavish