നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പട്നയിലും ഗോധ്രയിലും മാത്രമാണ് ക്രമക്കേട് നടന്നതെന്നും ഒറ്റപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ പരീക്ഷ പൂർണമായും റദ്ദാക്കാനാകില്ലെന്നുമാണ് എൻടിഎയുടെ നിലപാട്. സുതാര്യത ഉറപ്പാക്കി തന്നെയാണ് പരീക്ഷ നടത്തിയിട്ടുള്ളതെന്നും സംഭവത്തിൽ സിബിഐ അന്വേഷണം നടത്തുകയാണെന്നും എൻടിഎ അറിയിച്ചു.
കേന്ദ്രസർക്കാരും സമാനമായ നിലപാടാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്നും, അത് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ചോദ്യപേപ്പര് ചോര്ച്ചയില് സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം, നീറ്റ് പി ജി പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ നടക്കുമെന്ന് നാഷണല് ബോര്ഡ് ഓഫ് എക്സാമിനേഷന്സ് ഇന് മെഡിക്കല് സയന്സസ് അറിയിച്ചു. നേരത്തെ ജൂണ് 23 ന് നിശ്ചയിച്ച പരീക്ഷകള് മാറ്റി വച്ചിരുന്നു. വ്യക്തമായ കാരണം ഇല്ലാതെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത് വിവാദമായിരുന്നു.