നവംബർ 16-ന് പുലർച്ചെ 2.59-ന് ഈ വർഷത്തെ അവസാന സൂപ്പർ മൂൺ അതിന്റെ പൂർണ രൂപത്തിൽ ദൃശ്യമാകും. ‘ബീവർ മൂൺ’ എന്നും അറിയപ്പെടുന്ന ഈ പ്രതിഭാസം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുമ്പോഴാണ് സംഭവിക്കുന്നത്. നവംബർ 15-ന് സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ചന്ദ്രൻ ഉദിക്കും. 2024-ലെ നാലാമത്തെ സൂപ്പർമൂൺ കൂടിയാണിത്. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടായിരുന്നു.
സൂപ്പർ മൂണിനെ സാധാരണ ചന്ദ്രനെ കാണുന്നതിലും 14 ശതമാനം വലുതായി കാണാം. ‘സെവൻ സിസ്റ്റേഴ്സ്’ എന്നറിയപ്പെടുന്ന പ്ലീയാഡ്സ് നക്ഷത്രങ്ങളെയും സ്ഥിരം കാണാൻ സാധിച്ചേക്കും. ഫ്രോസ്റ്റ് മൂൺ, സ്നോ മൂൺ എന്നീ പേരുകളും ഈ സൂപ്പർ മൂണിനുണ്ട്. പൂർണ്ണചന്ദ്രൻ ഭൂമിയുമായി വളരെയടുത്തു വരുന്ന പ്രതിഭാസത്തെയാണ് സൂപ്പർമൂൺ എന്നു പറയുന്നത്. ഓരോ മാസവും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം 354,000 കി. മീ മുതൽ 410,000 കി. മീ വരെയായി വ്യത്യാസപ്പെടുന്നു.
സൂപ്പർമൂൺ സമയത്ത് വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവതസ്ഫോടനം തുടങ്ങിയ പ്രതിഭാസങ്ങൾ ഉണ്ടാവാറുണ്ട്. ഭൂമിയിൽ ചില മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നും ശക്തമായ തിരമാലകൾക്കും ഭൂചലനത്തിനും സാധ്യതയുണ്ടെന്നും ശാസ്ത്രനിരീക്ഷകർ വിലയിരുത്തുന്നു. ഭൂമി ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലാകുന്നതിനാൽ പൂർണചന്ദ്രദിനങ്ങളിൽ ഭൂചലനങ്ങൾ വർധിക്കാറുണ്ട്. ആകർഷണഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചിൽ അനുഭവപ്പെടാൻ ഇടയുണ്ട്.
Story Highlights: November’s Beaver Moon will be a full supermoon, visible on November 16th, with potential impacts on Earth’s natural phenomena.