നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) രണ്ടാം ബാച്ചിലേയ്ക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 6 വരെ നീട്ടി. പ്ലസ്ടുവിനു ശേഷം ജർമ്മനിയിൽ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന ഈ പദ്ധതിയിലേക്ക് നേരത്തേ ഒക്ടോബർ 31 വരെയായിരുന്നു അപേക്ഷ നൽകാനുള്ള സമയപരിധി.
ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കും, ജർമ്മൻ ഭാഷയിൽ B1 അല്ലെങ്കിൽ B2 ലെവൽ യോഗ്യതയുമുള്ള 18 നും 27 നും ഇടയിൽ പ്രായമുള്ള കേരളീയരായ വിദ്യാർഥികൾക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാൻ കഴിയുക. ആരോഗ്യ മേഖലയിലെ മുൻപരിചയം അധികയോഗ്യതയായി പരിഗണിക്കും. കഴിഞ്ഞ ആറുമാസമായി ഇന്ത്യയിൽ തുടർച്ചയായി താമസിക്കുന്നവരും, നിർദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സന്നദ്ധതയുള്ളവരുമാകണം അപേക്ഷകർ.
താൽപര്യമുള്ളവർക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് വിശദമായ സി.വി, മോട്ടിവേഷൻ ലെറ്റർ, ജർമ്മൻ ഭാഷായോഗ്യത, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷ നൽകാം. 2025 മാർച്ചിൽ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.
Story Highlights: NORKA Roots extends application deadline for Triple Win Trainee Program in Germany offering nursing education and job opportunities.