ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനത്തിനും ജോലിക്കും അവസരം; നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു

Anjana

NORKA Roots nursing program Germany

നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) രണ്ടാം ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പ്ലസ്ടു വിനു ശേഷം ജര്‍മനിയില്‍ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന ഈ പദ്ധതി വഴി ജർമൻ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജർമനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ ലഭിക്കും.

ജര്‍മനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്. അപേക്ഷകര്‍ക്ക് ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കും ജര്‍മന്‍ ഭാഷയില്‍ B1, B2 ലെവല്‍ പാസ്സും ആവശ്യമാണ്. 18 നും 27 നും (2025 മാർച്ച് 1 അടിസ്ഥാനമാക്കി) ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. കഴിഞ്ഞ 6 മാസമായി ഇന്ത്യയിൽ തുടർച്ചയായി താമസിക്കുന്നവരും നിര്‍ദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാന്‍ സന്നദ്ധതയുളളവരുമാകണം അപേക്ഷകര്‍.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താല്‍പര്യമുള്ളവര്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ് സൈറ്റുകൾ സന്ദര്‍ശിച്ച്, ആവശ്യമായ രേഖകള്‍ സഹിതം 2024 ഒക്ടോബര്‍ 31നകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. ഇതിനായുളള അഭിമുഖം 2025 മാര്‍ച്ചില്‍ നടക്കും. കൂടുതൽ വിവരങ്ങൾക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Story Highlights: NORKA Roots invites applications for second batch of Triple Win Trainee Program offering free nursing education and job opportunities in Germany.

Leave a Comment