കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ലോറിയുടെ സിഗ്നൽ ലഭിച്ചെങ്കിലും വാഹനം കണ്ടെത്താനായില്ലെന്ന് സംസ്ഥാന റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ അറിയിച്ചു. പ്രദേശത്തെ 98 ശതമാനം മണ്ണും നീക്കം ചെയ്തതായും, എന്നാൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ കൂടുതൽ മണ്ണെടുക്കൽ നടത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരച്ചിൽ തുടരണോയെന്ന കാര്യം സൈന്യം തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗംഗാവലി പുഴയിലേക്ക് തിരച്ചിൽ മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. എന്നാൽ പുഴയിലെ പരിശോധന അതീവ സങ്കീർണമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നാവികസേനയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണതെന്നും പുഴയ്ക്കടിയിൽ വലിയ തോതിൽ മണ്ണ് വീണുകിടക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. നേരത്തെ നേവി സംഘം പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ലോറി കണ്ടെത്താനായില്ല. റോഡിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ റോഡിൽ ലോറിയില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ തിരച്ചിൽ പുഴയിലേക്ക് മാറ്റാനുള്ള തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. ഇനിയുള്ള നീക്കങ്ങൾ സൈന്യത്തിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.