മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷിക്കെതിരെ വിവാദ പരാമർശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത്. ഖുറൈഷിയെ ‘മുസ്ലീം കമ്മീഷണർ’ എന്നാണ് ദുബെ വിശേഷിപ്പിച്ചത്. വഖഫ് നിയമം മുസ്ലീങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള സർക്കാരിന്റെ ദുഷ്ട പദ്ധതിയാണെന്ന ഖുറൈഷിയുടെ ആരോപണത്തിന് മറുപടിയായാണ് ദുബെയുടെ വിവാദ പരാമർശം.
ഖുറൈഷിയുടെ കാലത്ത് ജാർഖണ്ഡിലെ സന്താൽ പർഗാനയിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയെന്നും ദുബെ ആരോപിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ദുബെ നടത്തിയ രൂക്ഷ വിമർശനം രാഷ്ട്രീയ വിവാദമായിരിക്കെയാണ് ഈ പുതിയ വിവാദവും. എന്നാൽ, ദുബെയുടെ വിവാദ പരാമർശങ്ങളിൽ പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
ചീഫ് ജസ്റ്റിസിനെതിരായ ദുബെയുടെ പ്രസ്താവനയിൽ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. സുപ്രിംകോടതി അഭിഭാഷകൻ അറ്റോർണി ജനറലിന് കത്തയച്ച് ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടു. അഭിഭാഷകനായ അനസ് തൻവീറാണ് അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിക്ക് കത്തയച്ചത്. ദുബെയുടെ പ്രസ്താവന കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സുപ്രീംകോടതിക്കെതിരായ ബിജെപി എംപിമാരുടെ പരാമർശവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ വ്യക്തമാക്കി. ഇത്തരം പ്രസ്താവനകളോട് ബിജെപി യോജിക്കുന്നില്ലെന്നും പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും നദ്ദ കൂട്ടിച്ചേർത്തു.
Story Highlights: BJP MP Nishikant Dubey sparked controversy by referring to former Chief Election Commissioner S.Y. Quraishi as a “Muslim Commissioner.”