മലപ്പുറം നടുവത്ത് നിപ ബാധിച്ച് മരണപ്പെട്ട 24 കാരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത 15 സഹപാഠികൾ നിരീക്ഷണത്തിലാണ്. ബംഗളൂരിൽ ജാഗ്രത നിർദേശം ഏർപ്പെടുത്തിയിരിക്കുകയാണ്. സാഹചര്യം വിലയിരുത്താൻ ആരോഗ്യ വകുപ്പിന്റെ യോഗം നടക്കും.
യുവാവുമായി 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇവരില് അഞ്ച് പേര്ക്ക് രോഗലക്ഷണങ്ങളുണ്ട്. നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
നിപ സ്ഥിരീകരിച്ച സാഹചര്യത്തില് പനിയുള്ളവരെ കണ്ടെത്താന് ഇന്നുമുതല് ഫീവര് സര്വേ ആരംഭിക്കും. നിപ സ്ഥിരീകരിച്ച പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റര് ചുറ്റളവിലുള്ള വാര്ഡുകളിലാണ് സര്വേ നടക്കുക. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ചു വാര്ഡുകളാണ് നിലവില് കണ്ടെന്റ്മെന്റ് സോണ് ആക്കിയിരിക്കുന്നത്.
കണ്ടൈന്മെന്റ് സോണുകളാക്കിയ പ്രദേശത്തെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ജില്ലാ കളക്ടര് നിര്ദ്ദേശം നല്കി. സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസർ വഴി ലഭ്യമായ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ അയച്ചു.
ഈ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്. സ്ഥിതിഗതികള് വിലയിരുത്താന് ആരോഗ്യവകുപ്പ് ഡയറക്ടര് ഇന്ന് മലപ്പുറത്തെത്തും.
Story Highlights: Nipah virus outbreak in Malappuram; Bengaluru on alert as classmates attend funeral of deceased student