**Palakkad◾:** പാലക്കാട് നിപ സ്ഥിരീകരിച്ച പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പോലീസ് പരിശോധിച്ചതിൽ സമ്പർക്കപട്ടികയിലുള്ള ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 26 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സംശയ നിവാരണത്തിനായി കോൾ സെൻ്റർ സജ്ജമാക്കിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
രോഗിക്ക് രണ്ടാമത്തെ ഡോസ് ആൻ്റിബോഡി നൽകിയിട്ടുണ്ട്. 12 മണിവരെ ആൻ്റിബോഡി മരുന്ന് നൽകുന്നതാണ്. അണുബാധ നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നിപ ബാധിത മേഖലയിലെ അസ്വാഭാവിക മരണങ്ങൾ കൂടി പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഹൗസ് സർവ്വേ നടത്താനാണ് തീരുമാനം.
സമ്പർക്കപട്ടികയിൽ ആകെ 173 പേരാണുള്ളത്. അതിൽ 100 പേർ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുന്നവരാണ്. ഹൈ റിസ്ക് കോൺടാക്റ്റിൽ 52 പേരുണ്ട്. യുവതിയുമായി സമ്പർക്ക പട്ടികയിലുള്ള ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇയാളുടെ അവസാന ടവർ ലൊക്കേഷൻ മലപ്പുറം ജില്ലയാണെന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. ഇയാൾ മണ്ണാർക്കാട് ക്ലിനിക്കിലേക്ക് വന്ന ഇതര സംസ്ഥാനക്കാരനാണെന്നാണ് നിഗമനം. ഇയാളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പ് പരിശോധനകൾ നടത്തുന്നുണ്ട്. പ്രദേശത്ത് മൃഗങ്ങളുടെ അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. സംസ്ഥാനത്തിന് അധികാരമില്ലാത്തതിനാൽ വവ്വാലുകളുടെ സാമ്പിളുകൾ എടുക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
ക്വാറന്റൈൻ കണ്ടെയ്ൻമെൻ്റ് സോണുകളിൽ ഉള്ളവർക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആശങ്കകൾ വേണ്ടെന്നും പാലക്കാട് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights : Health Minister Veena George responded after the Nipah review meeting in Palakkad