നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് അമ്മ പ്രേമകുമാരി ആവശ്യപ്പെട്ടു. മകളുടെ ജീവൻ രക്ഷിക്കാൻ എല്ലാവരും സഹായിക്കണമെന്നും, ഇനി കുറച്ചു ദിവസം മാത്രമേ അതിന് സാവകാശമുള്ളൂവെന്നും അവർ പറഞ്ഞു. “ഈ രാജ്യത്തിന് മകളെ വിട്ടുകൊടുക്കരുത്” എന്ന് അപേക്ഷിച്ച അമ്മ, ഇതുവരെ കൂടെനിന്ന എല്ലാവരോടും നന്ദി പ്രകടിപ്പിച്ചു.
യമനിലെ ആക്ടിവിസ്റ്റ് സാമുവൽ ജെറോം, കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദിയുടെ കുടുംബത്തിന്റെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. വധശിക്ഷ റദ്ദാക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബം മാപ്പ് നൽകുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ യമൻ പ്രസിഡന്റ് ഒപ്പുവച്ച പേപ്പർ പ്രോസിക്യൂട്ടറുടെ പക്കലാണുള്ളതെന്നും, നിമിഷയെ രക്ഷിക്കാൻ രണ്ടോ മൂന്നോ ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂവെന്നും സാമുവൽ ജെറോം വ്യക്തമാക്കി.
നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത ഇനിയും തുറന്നിരിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും, ഒത്തുതീർപ്പിനുള്ള ചർച്ചകൾ തുടരുമെന്നും അവർ വ്യക്തമാക്കി. ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും അധികൃതർ പറഞ്ഞു.
2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്നത്. 2018-ൽ യമൻ കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരെ നൽകിയ അപ്പീൽ 2020-ൽ യമനിലെ അപ്പീൽ കോടതി തള്ളി. തുടർന്ന് യമനിലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2023 നവംബറിൽ അപ്പീലും തള്ളപ്പെട്ടു. ഇപ്പോൾ നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമങ്ങൾ നടക്കുകയാണ്.
Story Highlights: Nimisha Priya’s mother appeals for government intervention to save her daughter from execution in Yemen