സനാ: നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് യമൻ ജയിൽ അധികൃതർക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. 2017-ൽ യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. നിമിഷയുടെ മോചനത്തിനായി ഇടപെടുന്ന സാമുവൽ ജെറോമിനോടാണ് ജയിൽ അധികൃതർ ഈ വിവരം പങ്കുവെച്ചത്. സനായിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീയതി നിശ്ചയിച്ചതായി അഭിഭാഷകയിൽ നിന്ന് വിവരം ലഭിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള തീയതി നിശ്ചയിച്ചതായി അഭിഭാഷകയിൽ നിന്നും ഫോൺ സന്ദേശം ലഭിച്ചതായി നിമിഷ പ്രിയ തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ വിവരം ജയിലധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്ക് അയച്ച ശബ്ദസന്ദേശത്തിൽ നിമിഷ പ്രിയ വ്യക്തമാക്കി. എന്നാൽ, ഇത്തരത്തിലുള്ള യാതൊരു വിവരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഈ വാർത്തകൾ തെറ്റാണെന്നും യമൻ ജയിൽ അധികൃതർ വ്യക്തമാക്കി.
തലാൽ അബ്ദു മഹ്ദിയുടെ കുടുംബത്തിന് ദയാധനം നൽകുക എന്നതാണ് നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി എത്തിയ തലാൽ അബ്ദു മഹ്ദി തന്റെ പാസ്പോർട്ട് പിടിച്ചെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം. തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ.
നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിനായി യമനിൽ പോയിരുന്നു. എന്നാൽ, തലാലിന്റെ കുടുംബത്തെ കാണാൻ കഴിയാതിരുന്നതിനാൽ ചർച്ചകൾ വഴിമുട്ടി. വിചാരണ കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് നിമിഷ പ്രിയ യമൻ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിലവിൽ കഴിയുന്നത്.
Story Highlights: Yemen prison authorities have not received any notification regarding Nimisha Priya’s death sentence.