നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ തുടർന്നാൽ സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിന്റെ പ്രതികരണം. നൈജീരിയയ്ക്കെതിരേ സൈനിക നടപടിക്ക് തയ്യാറെടുക്കാൻ പ്രതിരോധ വകുപ്പിന് ട്രംപ് നിർദ്ദേശം നൽകി.
നൈജീരിയയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കോൺഗ്രസ്മാൻ റിലേ മൂറിനോടും ചെയർമാൻ ടോം കോളെയോടും റിപ്പോർട്ട് തേടിയതായി ട്രംപ് അറിയിച്ചു. എത്രയും പെട്ടെന്ന് കുറ്റവാളികൾക്കെതിരെ നൈജീരിയൻ സർക്കാർ നടപടിയെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ക്രൂരകൃത്യങ്ങൾ ചെയ്യുന്ന ഭീകരരെ രാജ്യത്ത് കടന്ന് ഉന്മൂലനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. നൈജീരിയയിൽ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. നൈജീരിയക്കുള്ള എല്ലാ സഹായവും ഉടനടി നിർത്തലാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
സാധാരണയായി യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിൻ്റെയും സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിലെ വിദഗ്ധരുടെയും ശുപാർശ പ്രകാരമാണ് രാജ്യങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ നൈജീരിയയുടെ കാര്യത്തിൽ ഈ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തങ്ങൾ ലോകത്തിലെ ക്രിസ്ത്യൻ മതവിഭാഗങ്ങളെ സംരക്ഷിക്കാൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, നൈജീരിയക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. കുറ്റവാളികൾക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്നും ട്രംപ് ആവർത്തിച്ചു.
Story Highlights : There will be military action against Nigeria if it continues to kill Christians says Trump
Story Highlights: ക്രൈസ്തവരെ കൊലപ്പെടുത്തിയാൽ നൈജീരിയക്കെതിരെ സൈനിക നടപടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്.


















