തിരുവനന്തപുരം∙ നെയ്യാറ്റിൻകര രൂപതയുടെ രണ്ടാമത്തെ ബിഷപ്പ് ആയി സ്ഥാനമേൽക്കുന്ന ഡോ. ഡി. സെൽവ രാജന് മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കുമ്പോൾ ധരിക്കാനുള്ള വസ്ത്രങ്ങൾ എത്തിച്ചത് റോമിൽ നിന്ന്. രൂപതയുടെ രണ്ടാമത്തെ ബിഷപ്പായിട്ടാണ് അദ്ദേഹം സ്ഥാനമേൽക്കാൻ പോകുന്നതെങ്കിലും 25ന് നടത്തുന്നത് നെയ്യാറ്റിൻകരയിൽ നടക്കുന്നത് ആദ്യത്തെ മെത്രാഭിഷേകം. മെത്രാഭിഷേകവുമായി ബന്ധപ്പെട്ട് 12 കമ്മിറ്റികൾ രൂപീകരിച്ചു നടത്തുന്ന പ്രവർത്തനങ്ങളും ഏതാണ്ട് പൂർത്തിയായി.
കാൽ നൂറ്റാണ്ട് പഴക്കമുള്ള നെയ്യാറ്റിൻകര രൂപത നിലവിൽ വന്നത് 1996 നവംബർ 1ന് ആണ്. പ്രഥമ ബിഷപ് ഡോ. വിൻസന്റ് സാമുവലും. അദ്ദേഹത്തിന്റെ മെത്രാഭിഷേക ചടങ്ങുകൾ പാങ്ങോട് ആശ്രമ വളപ്പിലായിരുന്നു. അന്ന് ആയിരങ്ങളാണ് പുതിയ ബിഷപ്പിനെ വരവേൽക്കാൻ അവിടെ എത്തിയത്. രൂപതയുടെ രണ്ടാമത്തെ ഇടയനായി ഡോ. ഡി.സെൽവരാജൻ എത്തുമ്പോൾ നെയ്യാറ്റിൻകരയുടെ മണ്ണിൽ തന്നെ അഭിഷേക ചടങ്ങുകൾ നടത്തുന്നു എന്നത് വിശ്വാസി സമൂഹത്തെ ആവേശത്തിലാക്കിയിട്ടുണ്ട്. കുറഞ്ഞത് പതിനായിരം പേർ, ചടങ്ങുകൾ നടത്തുന്ന നെയ്യാറ്റിൻകര നഗരസഭ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തുമെന്നാണ് കരുതുന്നത്.
വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ. ലിയോപോൾഡോ ജിറേലി, സിബിസിഐ പ്രസിഡന്റ് ഡോ. മാർ ആഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ ഉൾപ്പെടെ സംസ്ഥാനത്തിന് അകത്തും പുറത്തുമായി മുപ്പതോളം ബിഷപ്പുമാർ പങ്കെടുക്കും. 300ൽ അധികം വൈദികരും 500ൽ പരം സന്യാസിനികളും ഉണ്ടാവും.
കഴിഞ്ഞ മാസം 8ന് ആണ് ജുഡീഷ്യൽ വികാറായി സേവനമനുഷ്ഠിച്ചിരുന്ന മോൺ ഡോ. ഡി.സെൽവരാജനെ നെയ്യാറ്റിൻകര രൂപതയുടെ സഹ മെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചത്.
Story Highlights: Dr. D. Selva Rajan will be ordained as the second bishop of the Neyyattinkara Diocese on the 25th.