സൂര്യന് ഏറ്റവും അടുത്തുള്ള നക്ഷത്രത്തിന് ചുറ്റും പുതിയ പാറഗ്രഹം കണ്ടെത്തി

Anjana

Barnard's Star exoplanet

സൂര്യന്റെ ഏറ്റവും അടുത്തുള്ള ഒറ്റനക്ഷത്രമായ ബാർണാഡ്സ് സ്റ്റാറിനെ ചുറ്റി ഒരു പുതിയ പാറഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്യുന്നു. ഭൂമിയുടെ 40 ശതമാനം പിണ്ഡമുള്ള ഈ ഗ്രഹത്തിന് ബാർണാഡ് ബി എന്നാണ് പേരിട്ടിരിക്കുന്നത്. ഭൂമിയുടെ നാലിൽ മൂന്ന് വിസ്തീർണമുള്ള ഈ ഗ്രഹം ബാർണാഡ്സ് നക്ഷത്രത്തിന് വളരെ അടുത്തായാണ് ഭ്രമണം ചെയ്യുന്നത്. ഇതിനാൽ ഇതിന്റെ ഉപരിതല താപനില വളരെ കൂടുതലാണ്, അതുകൊണ്ടുതന്നെ ഇവിടെ ജീവനുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

സൂര്യനെക്കാൾ വളരെ ചെറുതും പ്രകാശം കുറഞ്ഞതുമായ നക്ഷത്രമാണ് ബാർണാഡ്സ് സ്റ്റാർ. സൂര്യന്റെ അടുത്തുള്ള നക്ഷത്രമായതിനാൽ ഇതിനെപ്പറ്റി പഠിക്കാൻ ശാസ്ത്രജ്ഞർക്ക് പ്രത്യേക താൽപര്യമുണ്ട്. സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ എക്‌സോപ്ലാനറ്റുകൾ എന്നാണു വിളിക്കുന്നത്. സൗരയൂഥത്തിന്റെയും അതിലെ ഗ്രഹങ്ങളുടെയും ഉത്പത്തിയെക്കുറിച്ചുള്ള പഠനസാധ്യത, ജീവൻ ഉണ്ടാകാനുള്ള സാധ്യത എന്നിവ മൂലം എക്സോപ്ലാനറ്റുകൾ ശാസ്ത്രജ്ഞർക്ക് വലിയ താത്പര്യമുള്ള പഠനമേഖലയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1990-ൽ ആദ്യ എക്സോപ്ലാനറ്റിനെ കണ്ടെത്തിയതിനുശേഷം, ഇതുവരെ അയ്യായിരത്തോളം എക്സോപ്ലാനറ്റുകളെ ശാസ്ത്രജ്ഞർ കണ്ടെത്തി സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂമി, ചൊവ്വ, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളെപ്പോലെ ഉറച്ച പുറംഘടനയുള്ളവയും വ്യാഴം, ശനി തുടങ്ങിയവയെപ്പോലെ വായുഘടന ഉള്ളവയും ഇക്കൂട്ടത്തിലുണ്ട്. കൂടാതെ, രണ്ടു നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന എക്സോപ്ലാനറ്റുകളെയും, നക്ഷത്രങ്ങളെയൊന്നും ഭ്രമണം ചെയ്യാതെ സ്വതന്ത്രരായി നടക്കുന്ന എക്സോപ്ലാനറ്റുകളെയും കണ്ടെത്തിയിട്ടുണ്ട്. സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള എക്സോപ്ലാനറ്റ് എപ്സിലോൺ എറിഡാനി ആണ്, ഇത് ഭൂമിയിൽ നിന്ന് 10.5 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.

Story Highlights: Scientists discover rocky exoplanet orbiting Barnard’s Star, the closest single star to our Sun

Leave a Comment