നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവയ്ക്കുന്നതായാണ് വ്യക്തമാക്കിയത്. കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും പുതിയ തീയതി നിശ്ചയിക്കുക. എന്നാൽ എന്തുകൊണ്ടാണ് മാറ്റിവച്ചതെന്ന വിശദീകരണം സർക്കാർ ഇതുവരെ നൽകിയിട്ടില്ല. ഇന്നുമുതലാണ് കൗൺസലിങ് ആരംഭിക്കാനിരുന്നത്.
സുപ്രീംകോടതിയിൽ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ സമർപ്പിക്കപ്പെട്ടിരുന്നു. ഇതിൽ നീറ്റ് യുജി കൗൺസലിങ് മാറ്റിവയ്ക്കണമെന്ന ആവശ്യവും ഉൾപ്പെട്ടിരുന്നു. എന്നാൽ വിദ്യാർഥികളുടെ ഭാവി പരിഗണിച്ച് ഇത് മാറ്റിവയ്ക്കാനാകില്ലെന്നായിരുന്നു സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നത്. എന്നിരുന്നാലും, വീണ്ടും ഇതുസംബന്ധിച്ച് ഹർജികൾ സമർപ്പിക്കപ്പെട്ടു. ഇത് കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീറ്റ് യുജി കൗൺസലിങ് മാറ്റിവയ്ക്കാൻ എൻടിഎ തീരുമാനമെടുത്തത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവച്ച നടപടിയിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. നീറ്റ് യുജി വിഷയം സർക്കാർ ദിനംപ്രതി വഷളാക്കുകയാണെന്നും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഈ സർക്കാറിന്റെ കൈയിൽ സുരക്ഷിതമല്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും കഴിവില്ലായ്മയും വിവേകമില്ലായ്മയും വീണ്ടും വ്യക്തമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.