നീറ്റ് പി ജി പരീക്ഷ ഓഗസ്റ്റ് 11ന്; കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

Anjana

നീറ്റ് പി ജി പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ നടക്കുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു. ചോദ്യ പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് മാറ്റി വച്ച പരീക്ഷകളുടെ തിയ്യതിയാണ് പുനർ നിശ്ചയിച്ചത്. നേരത്തെ ജൂൺ 23 ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റി വക്കുന്നതായി ജൂൺ 22നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. വ്യക്തമായ കാരണം ഇല്ലാതെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത് വിവാദമായിരുന്നു.

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്ന പശ്ചാത്തലത്തിൽ, പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങൾ നിയോഗിക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. ഇതിലൊരാൾ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും, സംസ്ഥാനതലത്തിൽ ഏകോപനത്തിന് ഒരാൾക്ക് ചുമതല നൽകണമെന്നുമാണ് കേന്ദ്ര നിർദേശം. നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും, ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിലാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഇതോടെ, നീറ്റ് പി ജി പരീക്ഷയുടെ നടത്തിപ്പിനെ കുറിച്ചുള്ള അനിശ്ചിതത്വം അവസാനിച്ചു.