മെയ് 24 ന് ബെംഗളൂരുവിൽ നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിൻത്രോ മത്സരത്തിൽ പാകിസ്ഥാന്റെ ഒളിംപിക് ചാമ്പ്യൻ അർഷാദ് നദീം പങ്കെടുക്കില്ല. ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറിയത്. നീരജ് ചോപ്രയും ലോകോത്തര ജാവലിൻത്രോ താരങ്ങളും ആദ്യമായി ഇന്ത്യൻ മണ്ണിൽ ഏറ്റുമുട്ടുന്ന മത്സരമാണ് ‘നീരജ് ചോപ്ര ക്ലാസിക്’.
പാകിസ്താൻ താരം അർഷദ് നദീമിനെ തന്റെ പേരിലുള്ള മത്സരത്തിലേക്ക് ക്ഷണിച്ചതിന് ശേഷം കടുത്ത സൈബർ ആക്രമണത്തിന് ഇരയായതായി നീരജ് ചോപ്ര വെളിപ്പെടുത്തി. കുടുംബത്തെപ്പോലും വെറുതെ വിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അത്ലറ്റ് മറ്റൊരു അത്ലറ്റിനെ ക്ഷണിക്കുന്നതിൽ രാജ്യങ്ങൾ തമ്മിലുള്ള വിഷയങ്ങൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാം ആക്രമണത്തിന് മുമ്പാണ് താൻ അർഷദിനെ ക്ഷണിച്ചതെന്ന് നീരജ് വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ 48 മണിക്കൂറിനിടെ സാഹചര്യങ്ങൾ മാറിമറിഞ്ഞു. പുതിയ സാഹചര്യത്തിൽ അർഷാദിന് വരാൻ പോലും സാധിക്കില്ല. രാജ്യതാൽപര്യത്തിന് എതിരായി താൻ ഒരിക്കലും നിലകൊള്ളില്ലെന്നും നീരജ് പറഞ്ഞു.
രാജ്യത്തോടുള്ള തന്റെ സ്നേഹം ചോദ്യം ചെയ്യപ്പെടുന്നതിൽ വേദനയുണ്ടെന്നും നീരജ് പറഞ്ഞു. ഭീകരാക്രമണത്തിന് രാജ്യം ശക്തമായി മറുപടി നൽകുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ് 22 ന് ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനായി അർഷാദ് നദീം യാത്ര തിരിക്കും.
Story Highlights: Indian javelin star Neeraj Chopra faces online abuse after inviting Pakistani athlete Arshad Nadeem to a competition.