നടി നയന്താര നടന് ധനുഷുമായുള്ള പ്രശ്നത്തില് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. ദ ഹോളിവുഡ് റിപ്പോര്ട്ടര് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നയന്താര ഇക്കാര്യം വ്യക്തമാക്കിയത്. പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായ തകര്ക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല താനെന്ന് നയന്താര പറഞ്ഞു.
നയന്‍താരയുടെ വാക്കുകളില്, “യഥാര്ഥത്തില് നടന്നത് എന്താണെന്ന് ഞാന് പറയാം. അത് ഒരു വിവാദമാക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിരുന്നതല്ല. ഞങ്ങളുടെ ഡോക്യുമെന്ററി ഇറങ്ങുന്നതിന് തൊട്ടുമുന്പ് അത്തരമൊരു കുറിപ്പ് ഇറക്കണമെന്നും ഉദ്ദേശിച്ചിരുന്നതല്ല. ആ ടൈമിങ് യാദൃശ്ചികമായി സംഭവിച്ചതാണ്.”
നയന്താര തുടര്ന്നു, “വക്കീല് നോട്ടീസ് ലഭിച്ച് രണ്ട് മൂന്ന് ദിവസം വേണ്ടി വന്നു ഞങ്ങള്ക്കത് മനസിലാക്കാന്. പ്രതികരിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു. ശരിയെന്ന് എനിക്ക് തോന്നുന്ന ഒരു കാര്യത്തില് പ്രതികരിക്കാന് എന്തിനാണ് ഭയക്കുന്നത് എന്ന് ഞാന് ചിന്തിച്ചു. എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിലല്ലേ ഞാന് ഭയക്കേണ്ടതുള്ളൂ.”
നയന്താര വ്യക്തമാക്കി, “ഇതൊരു സിനിമയല്ലല്ലോ, ഡോക്യുമെന്ററിയല്ലേ. ഇത് ഹിറ്റോ ഫ്ലോപ്പോ ആകുന്ന ഒന്നല്ലല്ലോ. കുറിപ്പിന് മുന്പ് ധനുഷിനെ ബന്ധപ്പെടാന് ആത്മാര്ഥമായി ശ്രമിച്ചിരുന്നു. എന്താണ് പ്രശ്നം എന്ന ചോദ്യത്തിന് നേരിട്ട് ഒരു ഉത്തരം ലഭിച്ചേനെ അപ്പോള്. അദ്ദേഹത്തിന്റെ മാനേജരെ വിഘ്നേഷ് പല തവണ വിളിച്ചു. ഞങ്ങളുടെ പൊതുസുഹൃത്തുക്കള് വഴി ശ്രമിച്ചു. ഫലം ഉണ്ടായില്ല.”
നയന്താര കൂട്ടിച്ചേര്ത്തു, “ധനുഷ് ഒരു നല്ല സുഹൃത്തായിരുന്നു. കഴിഞ്ഞ 10 വര്ഷത്തില് കാര്യങ്ങള് എങ്ങനെ മാറിയെന്ന് അറിയില്ല. ഞങ്ങള് രണ്ട് പേര്ക്കും അവരവരുടേതായ കാരണങ്ങള് ഉണ്ടാവും. അവസാനം ധനുഷിന്റെ മാനേജരെ ഞാന് വിളിച്ചു. ആ നാല് വരികള് ഉപയോഗിക്കാനും എന്ഒസി തന്നില്ലെങ്കിലും വേണ്ട, ധനുഷുമായി ഒന്ന് കോള് കണക്റ്റ് ചെയ്യാനാണ് ഞാന് മാനേജരോട് ആവശ്യപ്പെട്ടത്.”
അവസാനമായി നയന്താര പറഞ്ഞു, “എനിക്ക് തികച്ചും അനീതിയെന്ന് തോന്നിയ ഒരു കാര്യത്തില് എനിക്ക് പ്രതികരിക്കേണ്ടി വന്നു. എവിടുന്നാണ് ധൈര്യം കിട്ടുന്നത് എന്ന് ചോദിച്ചാല് ധൈര്യം വരുന്നത് സത്യത്തില് നിന്നാണ്. എന്തെങ്കിലും കെട്ടിച്ചമയ്ക്കാന് ശ്രമിക്കുമ്പോള് മാത്രമേ ഭയം തോന്നൂ.”
Story Highlights: Nayanthara breaks silence on Dhanush controversy, emphasizes truth and denies publicity stunt