കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് ജാമ്യം ലഭിച്ചതിനെതിരെ എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും ചൂണ്ടിക്കാട്ടും. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത്, വിധി പ്രതീക്ഷിച്ചിരുന്നതല്ലെന്നും ജാമ്യം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നുമാണ്.
ജാമ്യാപേക്ഷയിലെ വാദത്തിൽ ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് കുടുംബത്തിന്റെ മൊഴിയെടുക്കാൻ തീരുമാനിച്ചു. രണ്ടു ദിവസത്തിനകം പത്തനംതിട്ടയിലെത്തി നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. നിയമപോരാട്ടം തുടരുമെന്ന് മഞ്ജുഷ വ്യക്തമാക്കി. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം പി പി ദിവ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്, നവീൻ ബാബുവിന്റെ മരണത്തിൽ തനിക്ക് അങ്ങേയറ്റം ദുഃഖമുണ്ടെന്നും കേസിൽ തന്റെ നിരവരാധിത്വം തെളിയിക്കുമെന്നുമാണ്.
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത് സ്ത്രീയെന്ന പരിഗണന പ്രതിക്ക് നൽകുന്നതായി വ്യക്തമാക്കിയാണ്. പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നൽകാമെന്നും ദിവ്യയുടെ ആരോഗ്യസ്ഥിതിയും പരിഗണിക്കുന്നതായും കോടതി ജാമ്യ ഉത്തരവിൽ പറയുന്നു. ജയിലിനല്ല ജാമ്യത്തിനാണ് ആദ്യ പരിഗണനയെന്നും പിതാവിന്റെ രോഗാവസ്ഥയും പരിഗണിക്കുന്നതായും കോടതി വ്യക്തമാക്കി. പ്രതിക്കെതിരായ പൊതുവികാരം ജാമ്യം തടയുന്നതിന് മതിയായ കാരണമല്ലെന്നും കോടതി വിശദീകരിച്ചു.
Story Highlights: Naveen Babu’s family to approach High Court against P.P. Divya’s bail in corruption case