എഡിഎം കെ നവീൻ ബാബുവിന്റെ മരണക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും സിബിഐയുടെയും നിലപാട് തേടി. കേസ് ഡയറി ഹാജരാക്കാനും കോടതി നിർദേശിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പേരിന് മാത്രമാണെന്ന് നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചു. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള ആളാണെന്നും നവീന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.
രാവിലെ കേസ് പരിഗണിച്ചപ്പോൾ ഇത് ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. കൊലപാതകമാണെന്ന് പറയുന്നതെങ്കിൽ അതെന്തടിസ്ഥാനത്തിലാണെന്നും കോടതി ആരാഞ്ഞു. ആത്മഹത്യയല്ല കൊലപാതകമാണെന്ന സംശയമുണ്ടെന്ന് കുടുംബം അറിയിച്ചു. പത്ത് ദിവസത്തിനകം സർക്കാരും സിബിഐയും നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകണമെന്നും നിർദേശമുണ്ട്.
അന്തിമ അന്വേഷണ റിപ്പോർട്ട് നൽകുന്നത് തടയണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എസ്ഐടി അന്വേഷണം പൂർത്തിയാക്കട്ടെയെന്നും കുറ്റപത്രം നൽകിയാലും സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാകുമെന്നും കോടതി വ്യക്തമാക്കി. കേസിൽ വിശദവാദം കേൾക്കുന്നത് അടുത്തമാസം ആറിലേക്ക് മാറ്റി.
Story Highlights: Family of deceased ADM K Naveen Babu seeks CBI probe, alleges political influence in High Court