നവകേരള ബസ് പുതിയ രൂപത്തിൽ വീണ്ടും നിരത്തിലേക്ക്; കൂടുതൽ സീറ്റുകളും കുറഞ്ഞ നിരക്കും

Anjana

Navakerala bus

നവകേരള ബസ് പുതിയ രൂപത്തിൽ വീണ്ടും നിരത്തിലേക്ക് എത്തുന്നു. കൂടുതൽ സീറ്റുകൾ ഘടിപ്പിച്ച് രൂപമാറ്റം വരുത്തിയ ബസ് ബംഗളൂരുവിൽ നിന്നും കോഴിക്കോട് എത്തിച്ചിരിക്കുകയാണ്. കോഴിക്കോട് – ബംഗളൂരു റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്ആർടിസി. 11 സീറ്റുകൾ കൂടി അധികമായി ഘടിപ്പിച്ചതോടെ ആകെ സീറ്റുകളുടെ എണ്ണം 37 ആയി വർധിച്ചു.

പുതിയ രൂപകൽപ്പനയിൽ എസ്കലേറ്ററും പിൻ ഡോറും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മുൻഭാഗത്ത് മാത്രമായി ഡോർ നിലനിർത്തിയിരിക്കുന്നു. ശൗചാലയ സൗകര്യവും ബസിൽ തുടരുന്നുണ്ട്. യാത്രാനിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. നേരത്തെ 1280 രൂപയായിരുന്ന ബെംഗളൂരു-കോഴിക്കോട് യാത്രാനിരക്ക് 930 രൂപയായി കുറച്ചിരിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1.16 കോടി രൂപയ്ക്കാണ് നവകേരള ബസ് വാങ്ങിയത്. നേരത്തേ 26 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബസ് ഗരുഡ പ്രീമിയം ലക്ഷുറി ബസായി സർവീസ് നടത്തിയിരുന്നെങ്കിലും നഷ്ടത്തിലായിരുന്നു. യാത്രക്കാരുടെ കുറവ് മൂലം സർവീസ് നഷ്ടത്തിലായതോടെയാണ് രൂപമാറ്റത്തിനായി ബസ് ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. നവകേരള സദസിനു ശേഷം മുഖ്യമന്ത്രി ഇരുന്ന സീറ്റ് ഡബിൾ സീറ്റാക്കി മാറ്റിയിരുന്നു. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ, ലഗേജ് കാര്യർ തുടങ്ങിയ സൗകര്യങ്ങളും ബസിലുണ്ടായിരുന്നു.

കഴിഞ്ഞ ജൂലൈ മാസത്തിനു ശേഷം സർവീസ് നിർത്തിവച്ചിരുന്ന ബസ് വീണ്ടും സർവീസ് ആരംഭിക്കുമ്പോൾ സമയക്രമത്തിൽ മാറ്റം വരുത്തുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. നേരത്തെ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുലർച്ചെ നാലിനായിരുന്നു കോഴിക്കോട്ടു നിന്ന് ബസ് പുറപ്പെട്ടിരുന്നത്. പുതിയ രൂപത്തിൽ നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Story Highlights: Navakerala bus is back on road with more seats and reduced fare

Leave a Comment