കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം സര്വീസായി ഓടി തുടങ്ങിയ നവകേരള ബസ് വീണ്ടും സർവീസ് നിർത്തി. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ഈ ബസ് നേരത്തെ യാത്രക്കാരുടെ അഭാവം മൂലം സര്വീസ് മുടങ്ങിയിരുന്നു. ഇപ്പോൾ തകരാറിലാണെന്നും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും കെഎസ്ആർടിസി വിശദീകരിക്കുന്നു.
ഉദ്ഘാടന ശേഷമുള്ള ആദ്യ ദിവസങ്ങളിൽ നിരവധി പേർ കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നു. എന്നാൽ പിന്നീട് യാത്രികരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഭീമമായ ടിക്കറ്റ് നിരക്കാണ് യാത്രികർ ബസ് ഉപേക്ഷിക്കാൻ പ്രധാന കാരണമായത്. ഇതിനെ തുടർന്ന് ബസ് സർവ്വീസ് നിർത്തിവയ്ക്കുന്ന സാഹചര്യവും ഉണ്ടായി.
യാത്രികരെ ആകർഷിക്കുന്നതിനായി അടുത്തിടെ ബസിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയെങ്കിലും അതും ഫലം കണ്ടില്ല. ചില യാത്രികർ ബംഗളൂരുവിലേക്ക് പോകാൻ നവകേരള ബസിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് സർവ്വീസ് നടത്തുന്നില്ലെന്ന് കെഎസ്ആർടിസി അറിയിച്ചത്. ഇപ്പോൾ ബസ് സർവീസ് വീണ്ടും നിർത്തിവച്ചിരിക്കുകയാണ്.