യു.ജി.സി. കരട് റെഗുലേഷനുകൾക്കെതിരെ ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ ഇന്ന് തിരുവനന്തപുരത്ത് നടക്കും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ചാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. തെലങ്കാന ഉപമുഖ്യമന്ത്രി, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിമാർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും കൺവെൻഷനിൽ പങ്കെടുക്കും. പ്രതിപക്ഷവും കൺവെൻഷനിൽ സഹകരിക്കുന്നുണ്ട്.
കേരള സർവകലാശാല, സാങ്കേതിക സർവകലാശാല എന്നിവിടങ്ങളിലെ വൈസ് ചാൻസലർമാർ പരിപാടിയിൽ പങ്കെടുക്കാൻ സാധ്യത കുറവാണ്. യോഗത്തിൽ വൈസ് ചാൻസലർമാരെ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നതിൽ ഗവർണർ സർക്കാരിനെ എതിർപ്പ് അറിയിച്ചിരുന്നു. ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര അർലേക്കർ സർക്കാർ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ഗവർണറുടെ എതിർപ്പിനെ തുടർന്ന് യു.ജി.സി. കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലർ സർക്കാർ തിരുത്തി. യു.ജി.സി. കരടിന് ‘എതിരായ’ എന്ന പരാമർശം നീക്കി. പകരം യു.ജി.സി. റെഗുലേഷൻ – ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ എന്നാക്കി മാറ്റി. നിശ്ചിത എണ്ണം പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്ന നിർദ്ദേശവും ഒഴിവാക്കി.
കൺവെൻഷനിൽ പങ്കെടുക്കുന്നതിനെ പറ്റിയും ഡ്യൂട്ടി ലീവ്, ചിലവ് എന്നിവ വഹിക്കുന്നത് സംബന്ധിച്ചും സർക്കാർ പുറത്തിറക്കിയ സർക്കുലർ ഭരണഘടനാ വിരുദ്ധമാണെന്ന് ഗവർണർ നിലപാട് എടുത്തു. വൈസ് ചാൻസലർമാരെ നിർബന്ധപൂർവ്വം പങ്കെടുപ്പിക്കാൻ സർക്കാരിന് അധികാരമില്ലെന്നും സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും ഗവർണർ വ്യക്തമാക്കി. വിവാദ സർക്കുലർ പിൻവലിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
പരിപാടി നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഗവർണർ സർക്കാർ നീക്കത്തിനെതിരെ രംഗത്തുവന്നത്. വിഷയം അംഗീകരിച്ച മുഖ്യമന്ത്രി, എല്ലാവർക്കും എല്ലാത്തരം അഭിപ്രായവും പ്രകടിപ്പിക്കാനുള്ള വേദിയാക്കി കൺവെൻഷനെ മാറ്റുന്ന തരത്തിൽ പരിപാടി പുനഃസംവിധാനം ചെയ്യുമെന്ന് മറുപടി നൽകി. വിവാദ സർക്കുലർ പിൻവലിക്കാമെന്ന് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും ഗവർണർക്ക് ഉറപ്പ് നൽകി.
എന്നാൽ രാത്രി വൈകിയും സർക്കുലർ പിൻവലിക്കാത്തതിനാൽ ഗവർണർ അമർഷം പ്രകടിപ്പിച്ചു. പിന്നാലെ സർക്കുലർ തിരുത്തിയിറക്കണമെന്ന നിർദേശത്തിന് സർക്കാർ വഴങ്ങുകയായിരുന്നു. ഗവർണറുടെ അമർഷത്തെ തുടർന്നാണ് യു.ജി.സി. കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലർ സർക്കാർ തിരുത്തിയത്.
Story Highlights: Kerala hosts a national convention on higher education to discuss UGC draft regulations, amidst disagreements with the Governor regarding university autonomy.