നാസയുടെ 47 വർഷം പഴക്കമുള്ള വോയേജർ 1 ബഹിരാകാശപേടകം വീണ്ടും ഭൂമിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു. കാലിഫോർണിയയിലെ ജെറ്റ് പ്രൊപൽഷൻ ലാബോറട്ടറിയിലെ നാസ എൻജിനീയർമാരാണ് ഒക്ടോബർ 24ന് പേടകവുമായുള്ള ആശയവിനിമയം വീണ്ടെടുത്തത്. 1981 മുതൽ ഉപയോഗിക്കാതിരുന്ന റേഡിയോ ട്രാൻസ്മിറ്ററിന്റെ സഹായത്തോടെയാണ് ഇത് സാധ്യമായത്. 15 ബില്യൺ മൈലുകൾ അകലെ ഇന്റർ സ്റ്റെലാർ സ്പേസിലുള്ള പേടകവുമായുള്ള ബന്ധം ഒക്ടോബർ 16നാണ് നഷ്ടമായത്.
പേടകത്തിന്റെ ഫോൾട്ട് പ്രൊട്ടക്ഷൻ സിസ്റ്റം, പവർ ഉപയോഗം പരിധി കടന്നതിനെ തുടർന്ന് ചില സിസ്റ്റങ്ങളുടെ പവർ ഡൗൺ ചെയ്തതാണ് പ്രശ്നത്തിന് കാരണമായത്. ഭൂമിയിൽ നിന്നും പേടകത്തിലേക്കും തിരിച്ചും സന്ദേശമയക്കാൻ 23 മണിക്കൂറാണ് വേണ്ടി വരുന്നത്. ഒക്ടോബർ 16ന് നാസ എൻജിനീയർമാർ സ്പേസ്ക്രാഫ്റ്റിലേക്ക് ഒരു കമാൻഡ് അയച്ചെങ്കിലും രണ്ട് ദിവസത്തിനുശേഷവും പ്രതികരണമൊന്നും ഉണ്ടായില്ല. തൊട്ടടുത്ത ദിവസം ആശയവിനിമയം പൂർണമായും അവസാനിച്ചു.
പിന്നീടുള്ള അന്വേഷണത്തിൽ പേടകം സെക്കൻഡ് ലോവർ പവർ ട്രാൻസ്മിറ്ററിലേക്ക് സ്വിച്ച് ചെയ്തതായി കണ്ടെത്തി. വോയേജർ 1ൽ രണ്ട് റേഡിയോ ട്രാൻസ്മിറ്ററുകളുണ്ട്. വർഷങ്ങളായി എക്സ് ബാൻഡ് ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ എസ് ബാൻഡ് എന്ന രണ്ടാമത്തെ ട്രാൻസ്മിറ്ററാണ് സജീവമായിരിക്കുന്നത്. ഇന്റർസ്റ്റെല്ലാർ സ്പേസിലേക്കെത്തിയ ആദ്യ മനുഷ്യനിർമിത പേടകമായ വോയേജർ 1, ജൂപ്പിറ്ററിന്റെ രണ്ട് പുതിയ ഉപഗ്രഹങ്ങളെയും ശനിയുടെ ജി റിംഗിനെയും മറ്റ് അഞ്ച് ഉപഗ്രഹങ്ങളെയും കണ്ടെത്തിയിട്ടുണ്ട്.
Story Highlights: NASA’s 47-year-old Voyager 1 spacecraft reestablishes communication with Earth after brief interruption