പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ മാതാവിനെതിരായ പരാമർശത്തിൽ വൈകാരികമായി പ്രതികരിച്ചു. ദാരിദ്ര്യത്തിൽ വളർത്തിയ അമ്മയെ കോൺഗ്രസ് നേതാവ് ആക്ഷേപിച്ചുവെന്നാരോപിച്ചാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത, ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത അമ്മയെ ആർജെഡിയും കോൺഗ്രസും ചേർന്ന് അപമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാറിലെ വോട്ടർ അധികാർ യാത്രയിൽ ആർജെഡിയുടെയും കോൺഗ്രസിൻ്റെയും വേദിയിൽ നിന്നാണ് തൻ്റെ അമ്മയെ അപമാനിച്ചതെന്ന് മോദി ആരോപിച്ചു. പാരമ്പര്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ബിഹാറിൽ നിന്ന് ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയെ അപമാനിച്ചതിലൂടെ കോടിക്കണക്കിന് അമ്മമാരെയാണ് വേദനിപ്പിച്ചതെന്നും മോദി കൂട്ടിച്ചേർത്തു.
കടുത്ത ദാരിദ്ര്യത്തിലാണ് തന്റെ മാതാവ് തങ്ങളെയെല്ലാം വളർത്തിയതെന്നും പ്രധാനമന്ത്രി ഓർത്തെടുത്തു. കുടുംബത്തിനു വേണ്ടി സ്വന്തമായി ഒരു സാരി പോലും അവർ വാങ്ങിയിരുന്നില്ല. ഓരോ പൈസയും അവർ കുടുംബത്തിനുവേണ്ടി കരുതിവച്ചു.
അമ്മയാണ് നമ്മുടെ ലോകം, അമ്മയാണ് നമ്മുടെ ആത്മാഭിമാനം. സഹോദരിമാരുടെയും അമ്മമാരുടെയും മുഖങ്ങൾ എനിക്ക് കാണാൻ കഴിയും. അവരുടെ വേദന എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. ചില അമ്മമാരുടെ കണ്ണുകളിൽ നിന്ന് എനിക്ക് കണ്ണുനീർ കാണാൻ കഴിയും. ഇത് വളരെ സങ്കടകരവും വേദനാജനകവുമാണ്.
അമ്മമാരെ സേവിക്കാൻ വേണ്ടിയാണ് മാതാവ് എന്നെ അവരിൽ നിന്ന് വേർപെടുത്തിയത്. ഇപ്പോൾ തന്റെ അമ്മ ജീവിച്ചിരിപ്പില്ല. അവര നമ്മളെയെല്ലാം വിട്ടുപോയി. എൻ്റെ അമ്മയെപ്പോലെ രാജ്യത്തെ കോടിക്കണക്കിന് അമ്മമാർ എല്ലാ ദിവസവും തപസ്യ ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇത്തരം പരാമർശങ്ങൾ വേദനാജനകമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാഷ്ട്രീയപരമായ ആരോപണങ്ങളെക്കാൾ വലുതാണ് അമ്മയോടുള്ള സ്നേഹമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Story Highlights : mother had nothing to do with politics narendra modi