കർണാടക സഹകരണ പാൽ ഉൽപാദക ഫെഡറേഷൻ (കെഎംഎഫ്) മഹാകുംഭമേളയിൽ ഒരു കോടി കപ്പ് ചായ വിൽക്കാനൊരുങ്ങുന്നു. നന്ദിനി ബ്രാൻഡിന് കീഴിൽ പാൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ചായ വിറ്റഴിക്കുക വഴി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കുന്ന മഹാകുംഭമേളയിൽ നന്ദിനിയുടെ പലഹാരങ്ങൾ, മിൽക്ക് ഷെയ്ക്ക് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങളും ലഭ്യമാകും.
ഈ അപൂർവ്വ അവസരത്തിലൂടെ നന്ദിനിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് കെഎംഎഫ് മാനേജിങ് ഡയറക്ടർ ബി. ശിവസ്വാമി പറഞ്ഞു. കുംഭമേള വേദിയിൽ പ്രമുഖ ചായ-കാപ്പി ബ്രാൻഡായ ചായ് പോയിന്റുമായി സഹകരിച്ചാണ് കെഎംഎഫ് പ്രവർത്തിക്കുന്നത്. ചായ് പോയിന്റിന്റെ പത്ത് സ്റ്റോറുകളിലൂടെ നന്ദിനി പാൽ ഉപയോഗിച്ച് നിർമ്മിച്ച ചായ വിതരണം ചെയ്യും.
മഹാകുംഭമേളയുടെ രണ്ടാം ദിനത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. 1.38 കോടി ഭക്തർ ഇന്ന് രാവിലെ സ്നാനം നടത്തി. രാവിലെ 6.15നാണ് അമൃതസ്നാനം ആരംഭിച്ചത്. മകരസംക്രാന്തി ദിനത്തിൽ മൂന്ന് കോടി ഭക്തർ പ്രയാഗ്രാജിലെത്തുമെന്നാണ് കണക്കാക്കുന്നത്.
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മഹത്തായ ആത്മീയ സംഗമമാണ് മഹാകുംഭമേള. ഗംഗ, യമുന, സരസ്വതി നദികളുടെ പുണ്യസംഗമമായ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യാനാണ് ലക്ഷക്കണക്കിന് ഭക്തർ പ്രയാഗ്രാജിലേക്ക് ഒഴുകിയെത്തുന്നത്. 13 അഖാരകൾ ആദ്യ അമൃതസ്നാനത്തിൽ പങ്കെടുക്കുന്നത് മകരസംക്രാന്തി ദിനത്തിന് പ്രത്യേകതയേകുന്നു.
മഹാകുംഭമേളയുടെ ആദ്യദിനത്തിൽ 1.50 കോടി വിശ്വാസികൾ പ്രയാഗ്രാജിലെത്തി. സ്നാനത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിപ്പ് പങ്കുവച്ചു. ലോകത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മഹോത്സവമാണ് പ്രയാഗ്രാജിലെ മഹാകുംഭമേള.
ഇത്തവണ 45 കോടി തീർത്ഥാടകർ കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യദിനത്തിലെ ഭക്തരുടെ കണക്കും മുഖ്യമന്ത്രി പങ്കുവച്ചു. കുംഭമേളയിൽ പങ്കെടുക്കുന്നവർക്ക് സർക്കാർ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Story Highlights: Nandini aims to sell one crore cups of tea at the Mahakumbh Mela 2025, potentially setting a Guinness World Record.